ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് കാർത്തികപ്പള്ളിയിൽ ആർ.എസ്.എസ്. പ്രവർത്തകന് നേരെ ക്വട്ടേഷൻ സംഘത്തിന്റെ ആക്രമണം. പുളിക്കീഴ് ജംഗ്ഷന് സമീപം തിങ്കളാഴ്ച രാത്രി നടന്ന ആക്രമണത്തിൽ ആർ.എസ്.എസ്. പ്രവർത്തകനായ വിഷ്ണു എ.പി.യ്ക്ക് ഗുരുതരമായി പരിക്കേറ്റു.
വിഷ്ണുവിന്റെ ഇരുകൈകൾക്കും ഒരു കാലിനും തലയ്ക്ക് പിന്നിലും വെട്ടേറ്റിട്ടുണ്ട്. ആക്രമണത്തെ തുടർന്ന് കൈകൾ ഗുരുതരമായി പരിക്കേറ്റ നിലയിലായിരുന്നുവെന്നാണ് വിവരം. പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിഷ്ണുവിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
ഈ വർഷം ഫെബ്രുവരിയിൽ കാർത്തികപ്പള്ളി വലിയകുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിനിടെ തോക്കുമായെത്തിയ സംഘത്തെ പ്രതിരോധിച്ച സംഭവത്തിന്റെ തുടർച്ചയായ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അന്ന് അക്രമിസംഘം ക്ഷേത്രപരിസരത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നുവെന്നും അവരെ തടയാൻ മുന്നിട്ടിറങ്ങിയവരിൽ ഒരാളായിരുന്നു വിഷ്ണുവെന്നും പോലീസ് പറയുന്നു.
സംഭവത്തിൽ സ്ഥിരം ക്രിമിനലുകളെന്ന് പോലീസ് വിശേഷിപ്പിക്കുന്ന ആറുപേർക്കെതിരെ തൃക്കുന്നപ്പുഴ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആക്രമണത്തിന് പിന്നിലെ ഗൂഢാലോചനയും പ്രതികളുടെ പങ്കും കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.




