ചെന്നൈ: കേരളത്തിന് പിന്നാലെ ‘കോളനി’ എന്ന വാക്ക് നീക്കാനൊരുങ്ങി തമിഴ്നാടും. സർക്കാർ ഉത്തരവുകളിൽ നിന്നും രേഖകളിൽ നിന്നും കോളനി എന്ന വാക്ക് നീക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ നിയമസഭയിൽ അറിയിച്ചു. രേഖകളിൽ നിന്ന് നീക്കുക മാത്രമല്ല, ജനങ്ങൾ കോളനി എന്ന വാക്ക് ഉപയോഗിക്കാതെയിരിക്കാനുള്ള ശ്രമങ്ങൾ സർക്കാർ നടത്തുമെന്നും സ്റ്റാലിൻ അറിയിച്ചു.
കോളനി എന്ന വാക്ക് ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്ന് വിസികെ എംഎൽഎ സിന്തനൈ സെൽവൻ ആവശ്യപ്പെട്ടിരുന്നു. ഇതിന് മറുപടിയായിട്ടായിരുന്നു സ്റ്റാലിന്റെ പ്രഖ്യാപനം. ജാതിവിവേചനത്തിന്റെയും കീഴാളർ അനുഭവിച്ച തൊട്ടുകൂടായ്മയുടെയും പ്രതീകമാണ് കോളനി എന്ന വാക്ക്, ഈ വാക്ക് മനുഷ്യരെ അപമാനിക്കാൻ വേണ്ടിയാണ് ഉപയോഗിക്കുന്നത് എന്നും എം കെ സ്റ്റാലിൻ പറഞ്ഞു.






