മലപ്പുറം: ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കും സഹായ ഉപകരണം നൽകുന്നതിന് വേണ്ടി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. താനൂർ നഗരസഭ വയോമിത്രം പദ്ധതിയും സാമൂഹ്യ നീതി വകുപ്പും സംയുക്തമായി അലികോ,വനിതാ ശിശു വികസന വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ഭിന്നശേഷിക്കാർക്ക് മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റും യു ഡി ഐ ഡി കാർഡും ലഭിക്കുന്നത് ക്യാമ്പ് സംഘടിപ്പിച്ചതിന്റെ തുടർച്ചയായാണ് ഉപകരണങ്ങൾ ലഭിക്കുന്നതിനുള്ള മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്.
പുതിയ ഭരണസമിതി വന്നതിനുശേഷമുള്ള ആദ്യ പരിപാടിയാണ് ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കും കൈത്താങ്ങായത്.താനൂർ ടീവീഎസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് നഗരസഭ ചെയർപേഴ്സൺ നസ് ല ബഷീർ ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർപേഴ്സൺ അഷ്റഫ് എം പി അധ്യക്ഷനായി. സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻമാരായ അബ്ദു മോൻ ഹാജി, കെ സലാം,ഫർസാന ഫൈറൂസ് ,ഫാസില പി പി , കെ എസ് എസ് എം ജില്ലാ കോഡിനേറ്റർ അബ്ദുൽ അസീസ് മീനടത്തൂർ അലിംകോ പ്രതിനിധികളായ മനോജ് കുമാർ, അഭിഷേക് എന്നിവർ സംസാരിച്ചു.
ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഫാത്തിമ കാട്ടുപറമ്പിൽ സ്വാഗതവും വയോമിത്രം പദ്ധതി കോഡിനേറ്റർ മുഹമ്മദ് അസ്കർ നന്ദിയും പറഞ്ഞു. ക്യാമ്പിൽ നിന്ന് അർഹരായ 210 ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുകയും ആവശ്യമായ മുഴുവൻ പേർക്കും ഉപകരണങ്ങൾ കൈമാറുമെന്നും സംഘാടകർ അറിയിച്ചു. ക്യാമ്പിന് നഗരസഭ കൗൺസിലർമാർ, അങ്കണവാടി ടീച്ചർമാർ, ട്രോമ കെയർ വളണ്ടിയർമാർ എന്നിവർ നേതൃത്വം നൽകി.






