ചൈന: ക്ലാസിൽ സംസാരിച്ചതിന്റെ പേരിൽ നാല് വയസ്സുകാരിയായ വിദ്യാർഥിനിയുടെ ചുണ്ടിൽ ഹോട്ട് ഗ്ലൂ ഗൺ ഉപയോഗിച്ച് പൊള്ളലേൽപ്പിച്ച അധ്യാപികയെ സസ്പെൻഡ് ചെയ്തു. ചൈനയിലെ ജിയാങ്സു പ്രവിശ്യയിലെ ഫെങ്സിയാൻ കൗണ്ടിയിലെ ഒരു നഴ്സറി സ്കൂളിൽ മെയ് 27-നാണ് സംഭവം നടന്നത്.
ക്ലാസ് സമയത്ത് കുട്ടികൾ സംസാരിച്ചതിൽ പ്രകോപിതയായ അധ്യാപിക ചെൻ, കുട്ടികളെ ശിക്ഷിക്കുന്നതിനായി വരിയായി നിർത്തുന്നതിന്റെ ദൃശ്യങ്ങൾ ക്ലാസ് മുറിയിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ആദ്യം ഒരു ആൺകുട്ടിയുടെ കൈവെള്ളയിൽ ഗ്ലൂ ഗൺ സ്പർശിപ്പിച്ച അധ്യാപിക, തുടർന്ന് നാല് വയസ്സുകാരിയായ പെൺകുട്ടിയെ മുന്നിലേക്ക് വിളിച്ചുവരുത്തി. ഒഴിഞ്ഞുമാറാൻ ശ്രമിച്ച കുട്ടിയുടെ മുകൾ ചുണ്ടിൽ ഗ്ലൂ ഗൺ ഉപയോഗിച്ച് രണ്ട് തവണ പൊള്ളലേൽപ്പിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
സംഭവസമയത്ത് ക്ലാസ് മുറിയിലുണ്ടായിരുന്ന മറ്റൊരു പുരുഷ അധ്യാപകൻ ഇത് കണ്ടിട്ടും ഇടപെടാത്തതും വിവാദമായിട്ടുണ്ട്. വൈകുന്നേരത്തോടെ കുട്ടിയുടെ ചുണ്ടിൽ വലിയ കുമിളകൾ രൂപപ്പെടുകയും പിന്നീട് പഴുപ്പ് വരികയും ചെയ്തതോടെയാണ് മാതാപിതാക്കൾ വിവരം അറിയുന്നത്. തുടർന്ന് കുട്ടിയെ ആശുപത്രിയിലെത്തിക്കുകയും പോലീസിൽ പരാതി നൽകുകയും ചെയ്തു.
പരിക്കിനെക്കുറിച്ച് അധ്യാപിക ആദ്യം മാതാപിതാക്കളോട് തെറ്റായ വിവരങ്ങളാണ് നൽകിയതെന്ന് അന്വേഷണത്തിൽ വ്യക്തമായി. കുട്ടി സ്വയം പരിക്കേൽപ്പിച്ചതാണെന്നായിരുന്നു ആദ്യ വിശദീകരണം. പിന്നീട് അത് അബദ്ധത്തിൽ സംഭവിച്ചതാണെന്ന് അവകാശപ്പെട്ടു. ക്ലാസ് മുറി അലങ്കരിക്കാനായി ഉപയോഗിച്ചിരുന്ന ക്രാഫ്റ്റ് സാമഗ്രികളിലൊന്നായിരുന്നു ഗ്ലൂ ഗൺ.
സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്. ബാധിത കുട്ടിക്കും സഹപാഠികൾക്കും മാനസിക പിന്തുണ നൽകാൻ കൗൺസിലർമാരെ നിയോഗിച്ചതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. അധ്യാപകരുടെ പെരുമാറ്റച്ചട്ടങ്ങൾ കർശനമായി പാലിക്കുന്നതിന് നിർദേശവും നൽകിയിട്ടുണ്ട്.
ചൈനയിൽ കുട്ടികൾക്കെതിരായ അധ്യാപക അതിക്രമങ്ങൾ മുമ്പും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2024-ൽ ജിയാങ്സി പ്രവിശ്യയിൽ നാല് വയസ്സുകാരനെ മർദിക്കുകയും ഇരുണ്ട മുറിയിൽ പൂട്ടിയിടുകയും ചെയ്ത കേസിൽ മൂന്ന് അധ്യാപകരെ പുറത്താക്കിയിരുന്നു. ലിയാവോണിംഗ് പ്രവിശ്യയിൽ ഒരു പെൺകുട്ടിയെ നിരന്തരം മർദിച്ച നഴ്സറി അധ്യാപികയ്ക്ക് കോടതി രണ്ട് വർഷം തടവുശിക്ഷയും വിധിച്ചിരുന്നു.






