തെലങ്കാന സംസ്ഥാന പുരസ്‍കാരം സ്വന്തമാക്കി നടൻ ദുൽഖർ സൽമാൻ. ബ്ലോക്ക്ബസ്റ്റർ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിലൂടെ മികച്ച നടനുള്ള സ്പെഷ്യൽ ജൂറി അവാർഡ് ആണ് ദുൽഖർ സ്വന്തമാക്കിയത്. വെങ്കി അറ്റ്ലൂരി രചിച്ച് സംവിധാനം ചെയ്ത ചിത്രമാണ് ലക്കി ഭാസ്ക്കർ.
ഗദ്ദർ അവാർഡ് എന്ന പേരിൽ നൽകപ്പെടുന്ന തെലങ്കാന സംസ്ഥാന അവാർഡുകൾ 14 വർഷങ്ങൾക്കു ശേഷമാണ് ഇപ്പോൾ പ്രഖ്യാപിക്കുന്നത്. മികച്ച നടനുള്ള സ്പെഷ്യൽ ജൂറി അവാർഡിന് പുറമേ മൂന്നാമത്തെ മികച്ച ചലച്ചിത്രം, മികച്ച എഡിറ്റർ, മികച്ച തിരക്കഥാകൃത്ത് എന്നീ പുരസ്‍കാരങ്ങളും ലക്കി ഭാസ്കർ സ്വന്തമാക്കി.
തീയേറ്ററുകളിൽ പാൻ ഇന്ത്യൻ ബ്ലോക്ക്ബസ്റ്ററായ ലക്കി ഭാസ്കറിന് ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലും അഭൂതപൂർവമായ സ്വീകരണമാണ് ആഗോള തലത്തിലുള്ള പ്രേക്ഷകർ നൽകിയത്. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തത്. ടൈറ്റിൽ കഥാപാത്രമായുള്ള തന്റെ ഗംഭീര പ്രകടനം കൊണ്ട് ദുൽഖർ സൽമാൻ വമ്പൻ പ്രേക്ഷക- നിരൂപക പ്രശംസ നേടിയിരുന്നു.



