റിയാദ്: രാജ്യത്ത് ഭീകരപ്രവർത്തനങ്ങളിൽ പങ്കെടുത്ത രണ്ട് സൗദി പൗരന്മാരുടെ വധശിക്ഷ നടപ്പാക്കി. വിദേശ ഭീകരസംഘടനയുമായി ബന്ധപ്പെട്ട, ആരാധനാലയങ്ങൾക്കും സുരക്ഷാ ആസ്ഥാനങ്ങൾക്കും നേരെ ആക്രമണങ്ങൾ ആസൂത്രണം ചെയ്തതാണ് ഇവർക്കെതിരെ ചുമത്തപ്പെട്ട പ്രധാന കുറ്റം.
ഫഹദ് ബിൻ അലി ബിൻ അബ്ദുൽ അസീസ് അൽ വാഷിൽ, അബ്ദുറഹ്മാൻ ബിൻ ഇബ്രാഹിം ബിൻ മുഹമ്മദ് അൽ മൻസൂർ എന്നിവർക്കെതിരാണ് ശിക്ഷ . ഇവർ രാജ്യസുരക്ഷയെ തകർക്കാൻ ശ്രമിച്ച ഒരു വിദേശ തീവ്രവാദ സംഘടനയുടെ ഭാഗമായിരുന്നുവെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
ആരാധനാലയങ്ങൾക്കും സുരക്ഷാ കേന്ദ്രങ്ങൾക്കും നേരെ ആക്രമണം നടത്താനുള്ള ശ്രമം, ആയുധങ്ങൾ കൈവശം വയ്ക്കൽ, സ്ഫോടകവസ്തുക്കൾ നിർമ്മിക്കൽ, മറ്റു ഭീകരർക്കു അഭയം നൽകൽ തുടങ്ങിയ നിരവധി കുറ്റങ്ങൾ അന്വേഷണത്തിൽ തെളിഞ്ഞതായി മന്ത്രാലയം അറിയിച്ചു.
സുരക്ഷാസേന പ്രതികളെ സമയബന്ധിതമായി അറസ്റ്റ് ചെയ്തു. തുടർന്ന് കോടതിയിൽ വിചാരണക്കായി ഹാജരാക്കി. കുറ്റങ്ങൾ സ്ഥിരീകരിച്ചതോടെ ശരീഅ കോടതി വധശിക്ഷ വിധിക്കുകയും, അപ്പീൽ കോടതിയും സുപ്രീം കോടതിയും വിധി ശരിവെക്കുകയും ചെയ്തു. പിന്നീട് രാജാവാണ് ശിക്ഷ നടപ്പാക്കാൻ അന്തിമ ഉത്തരവിട്ടത്.
നിരപരാധികളെയും രാജ്യസുരക്ഷയെയും ഭീഷണിപ്പെടുത്തുന്ന ഏതു വ്യക്തിക്കെതിരെയും കർശന നടപടി തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. രാജ്യത്ത് നീതിയും സുരക്ഷയും ഉറപ്പാക്കാനുള്ള പ്രതിബദ്ധത സൗദി ഭരണകൂടം ആവർത്തിച്ച് വ്യക്തമാക്കി.






