ന്യൂഡല്‍ഹി: അമേരിക്കന്‍ ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ടെസ്ലയുടെ ഇന്ത്യയിലെ രണ്ടാമത്തെ ഷോറൂം ഡല്‍ഹിയില്‍ ഒരുങ്ങുന്നു. ഈ മാസം തന്നെ രണ്ടാമത്തെ ഷോറൂം തുറക്കും. ഓഗസ്റ്റ് 11ന് ഷോറൂം ഉദ്ഘാടനം ചെയ്യുമെന്നാണ് ടെസ്ല അറിയിച്ചിരിക്കുന്നത്. ജൂലൈ 15നാണ് ആദ്യ ഷോറൂം മുംബൈയില്‍ ഉദ്ഘാടനം ചെയ്തത്. ഡല്‍ഹിയിലെ എയ്റോ സിറ്റിയിലാണ് രാജ്യത്തെ രണ്ടാമത്തെ ഷോറൂം വരുന്നത്.
മുംബൈയിലെ ഷോറൂം ആരംഭിച്ചതിന് പിന്നാലെ മോഡല്‍ വൈ അവതരിപ്പിക്കുകയും ബുക്കിങ് ആരംഭിക്കുകയും ചെയ്തിരുന്നു. ആഗോള വിപണിയില്‍ ടെസ്ലയുടെ വില്പന ഇടിഞ്ഞിരിക്കുന്ന സമയത്താണ് ഇന്ത്യയിലേക്കുള്ള ടെസ്ലയുടെ വരവ്. സ്റ്റാന്റേഡ്, ലോങ് റേഞ്ച് എന്നീ രണ്ട് വേരിയന്റുകളില്‍ എത്തുന്ന ടെസ്ല മോഡല്‍ വൈയാണ് ടെസ്ല ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചിരിക്കുന്നത്. 59.89 ലക്ഷം രൂപയും 67.89 ലക്ഷം രൂപയുമാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില.
ഇന്ത്യയിലേക്ക് പൂര്‍ണമായും ചൈനയില്‍ നിര്‍മിച്ച യൂണിറ്റുകള്‍ (CBU) ആണ് എത്തുന്നത്. അതിന് ഇറക്കുമതി തീരുവ ബാധകമാണ്. ആ തീരുവ കൂടി ചേരുമ്പോഴാണ് വന്‍ വില കൊടുക്കേണ്ടി വരുന്നത്. ഇവിടെ നിര്‍മിക്കുകയായിരുന്നെങ്കില്‍ ഏകദേശം അമേരിക്കയിലെ വിലയിലൊക്കെ ടെസ്ല ലഭിക്കുമായിരുന്നു. അമേരിക്കയില്‍ $37,490 ആണ് പ്രസ്തുത മോഡലിന്റെ വില തുടങ്ങുന്നത്. അതായത് 32 ലക്ഷം ഇന്ത്യന്‍ രൂപ.
ആദ്യം വിപണിയില്‍ എങ്ങനെ വാഹനം സ്വീകരിക്കപ്പെടുമെന്ന് പരിശോധിക്കുക, ശക്തമായ ബ്രാന്‍ഡ് ബില്‍ഡിങ് നടത്തുക അങ്ങനെ സംഗതി ക്ലച്ച് പിടിച്ചാല്‍ പതുക്കെ നിര്‍മാണ യൂണിറ്റ് തുടങ്ങുക. ഇതാണ് മസ്കിന്റെ ഘട്ടം ഘട്ടമായുള്ള ഇന്ത്യന്‍ തന്ത്രമെന്ന് വിലയിരുത്തപ്പെടുന്നു.






