കോഴിക്കോട്: താമരശ്ശേരിയിൽ മയക്കുമരുന്ന് ലഹരിയിൽ ഭാര്യയും മകളെയും ക്രൂരമായി ആക്രമിച്ച ഭർത്താവ് അറസ്റ്റിൽ. പനംതോട്ടത്തിൽ നൗഷാദിനെയാണ് താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. ഭർതൃ പീഡനം, കൊലപാതകശ്രമം, കുട്ടികൾക്ക് നേരെയുള്ള അതിക്രമം എന്നീ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്.
ചൊവ്വാഴ്ച രാത്രി 10 മണിയോടെയാണ് നൗഷാദ് മയക്കുമരുന്ന് ലഹരിയിൽ വീടിനകത്ത് വെച്ച് ഭാര്യയെയും മകളെയും ആക്രമിച്ചത്. ആക്രമിച്ച ശേഷം വെട്ടിക്കൊല്ലുമെന്ന് പറഞ്ഞ് കൊടുവാളുമായി വീടിനു ചുറ്റും തങ്ങളെ ഓടിച്ചെന്നായിരുന്നു നൗഷാദിന്റെ ഭാര്യയുടെ പരാതി. നൗഷാദിന്റെ അടുത്ത് നിന്നും ജീവനുംകൊണ്ട് രക്ഷപ്പെട്ട് ഓടിയ അമ്മയെയും മകളെയും നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചു.
അതേസമയം കല്യാണം കഴിഞ്ഞ അന്ന് തുടങ്ങിയ ഉപദ്രവമാണ് നൗഷാദിന്റേതെന്നാണ് ഭാര്യ പറയുന്നത്. എല്ലാം ശരിയാകും എന്ന് കരുതി ക്ഷമിച്ചു നിൽക്കുകയായിരുന്നു ഇത്രയും കാലം എന്നും യുവതി പറഞ്ഞു. അക്രമം തടയാന്‍ ശ്രമിക്കുന്നതിനിടെ എട്ടു വയസ്സുള്ള മകള്‍ക്കും തന്റെ വല്ല്യുമ്മയ്ക്കും പരിക്കേറ്റതായും നസ്ജയുടെ പരാതിയിലുണ്ട്.






