കോഴിക്കോട്: താമരശ്ശേരിയിൽ നഗ്നനായി വീടുകൾക്ക് സമീപമെത്തി ശല്യമുണ്ടാക്കുന്ന അജ്ഞാത യുവാവ് വീണ്ടും എത്തിയതായി പരാതി. താമരശ്ശേരി പൊലീസ് സ്റ്റേഷന് സമീപമുള്ള ഒതയോത്ത് പ്രദേശത്താണ് സംഭവം. നേരത്തെയും രണ്ടുതവണ സമാനമായ സംഭവങ്ങൾ ഉണ്ടായ സ്ഥലത്താണ് വീണ്ടും യുവാവിന്റെ സാന്നിധ്യം കണ്ടെത്തിയത്.
ഇന്നലെ പുലർച്ചെ വീടുകളുടെ പിൻഭാഗത്ത് നഗ്നനായി എത്തിയ യുവാവ് ജനലിലൂടെ അകത്തേക്ക് നോക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പൊലീസ് സ്റ്റേഷനിൽനിന്ന് ഏകദേശം 50 മീറ്റർ മാത്രം അകലെയാണ് ഈ പ്രദേശം. നേരത്തെ സമാനമായ സംഭവങ്ങളുടെ സിസിടിവി ദൃശ്യങ്ങൾ സഹിതം നാട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ ഇതുവരെ യുവാവിനെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് വിവരം.
വീണ്ടും സമാനമായ സംഭവം ഉണ്ടായതോടെ പ്രദേശവാസികൾ ആശങ്കയിലാണ്. പൊലീസ് സ്റ്റേഷന് സമീപം ഇത്തരം സംഭവങ്ങൾ ആവർത്തിച്ചിട്ടും ഫലപ്രദമായ അന്വേഷണം നടക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. സംഭവത്തിൽ പൊലീസ് നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.




