പത്തനംതിട്ട: നിയമസഭയിൽ വന്യജീവി ശല്യം സംബന്ധിച്ച അടിയന്തരപ്രമേയ ചർച്ചയ്ക്കിടെ നടത്തിയ പരാമർശത്തിൽ നിലപാട് തിരുത്തി വനംമന്ത്രി ഷിബു ബേബി ജോൺ. പരിവേഷ് പോർട്ടലുമായി ബന്ധപ്പെട്ട് സഭയിൽ നടത്തിയ പരാമർശം കെ.യു. ജനീഷ് കുമാർ എംഎൽഎയെ ഉദ്ദേശിച്ചായിരുന്നില്ലെന്ന് മന്ത്രി വിശദീകരിച്ചു. ഗവിയിൽ സന്ദർശനം നടത്തുന്നതിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വന്യജീവി ആക്രമണം തടയുന്നതിന്റെ ഭാഗമായി ഇടുക്കി ജില്ലാ കളക്ടർ ഏർപ്പെടുത്തിയ രാത്രിയാത്രാ നിരോധനവും കർഷകരുടെ വേലികൾ പൊളിച്ചുനീക്കുന്നതും സംബന്ധിച്ച വിഷയങ്ങളിലായിരുന്നു നിയമസഭയിൽ അടിയന്തരപ്രമേയ ചർച്ച നടന്നത്. ഇതിനിടെയാണ് പരിവേഷ് പോർട്ടലിനെക്കുറിച്ച് ധാരണയില്ലാത്തവരെ കാര്യങ്ങൾ ബോധ്യപ്പെടുത്തുന്നതിനേക്കാൾ എളുപ്പം ആനയെയും കഴുതയെയും കുരങ്ങനെയും പറഞ്ഞ് മനസ്സിലാക്കുന്നതാണെന്ന മന്ത്രിയുടെ പരാമർശം വിവാദമായത്.
പരാമർശത്തിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. പിന്നാലെ സമൂഹമാധ്യമങ്ങളിൽ മന്ത്രിക്കെതിരെ രൂക്ഷമായ പരിഹാസങ്ങളും ഉയർന്നു. ഇടുക്കിയിലെ സിപിഐഎം നേതൃത്വവും ശക്തമായ രാഷ്ട്രീയ പ്രതിഷേധവുമായി രംഗത്തെത്തി. ഇതിനു പിന്നാലെയാണ് പരാമർശം ജനീഷ് കുമാർ എംഎൽഎയെ ഉദ്ദേശിച്ചായിരുന്നില്ലെന്ന് വ്യക്തമാക്കി മന്ത്രി രംഗത്തെത്തിയത്.
നിയമസഭയിൽ താൻ ഒരു വ്യക്തിയുടെയും പേര് എടുത്തുപറഞ്ഞിട്ടില്ലെന്നും ഒരു ജനപ്രതിനിധി വിഷയം ശ്രദ്ധയിൽപ്പെടുത്തിയെന്നു മാത്രമാണ് പറഞ്ഞതെന്നും ഷിബു ബേബി ജോൺ വിശദീകരിച്ചു. ജനപ്രതിനിധി എന്നതിൽ പഞ്ചായത്ത് അംഗം, ബ്ലോക്ക് പഞ്ചായത്ത് അംഗം, എംഎൽഎ, എംപി എന്നിവരെല്ലാം ഉൾപ്പെടുമെന്നും മന്ത്രി പറഞ്ഞു.
തന്റെ പരാമർശം ജനീഷ് കുമാറിനെ ഉദ്ദേശിച്ചായിരുന്നുവെന്ന തരത്തിലുള്ള വ്യാഖ്യാനങ്ങൾ പിന്നീട് ഇടുക്കിയിൽ പാർട്ടി പ്രവർത്തകർ തന്നെ നടത്തുന്നതു കണ്ടപ്പോൾ അത്ഭുതം തോന്നിയെന്നും അദ്ദേഹം പ്രതികരിച്ചു. വ്യത്യസ്ത രാഷ്ട്രീയ നിലപാടുകളുള്ളവർ നിയമസഭയിൽ ഏറ്റുമുട്ടുന്നത് സ്വാഭാവികമാണ്. എന്നാൽ, അന്ന് സഭയിൽ പറഞ്ഞ കാര്യങ്ങളൊന്നും വ്യക്തിപരമായ പരാമർശങ്ങളായിരുന്നില്ലെന്നും ഷിബു ബേബി ജോൺ വ്യക്തമാക്കി.



