വീണ്ടും ശശി തരൂർ വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് ചേക്കേറുകയാണ്. കേരളത്തിലെ കോണ്‍ഗ്രസില്‍ നേതൃത്വ ദാരിദ്ര്യം ഉണ്ടെന്ന് അടക്കമുള്ള ഗുരുതര ആരോപണങ്ങളാണ് അദ്ദേഹം ഉന്നയിച്ചിരിക്കുന്നത്. ഇംഗ്ലീഷ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇത്തരം പരാമര്‍ശങ്ങൾ. നന്നായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ കേരളത്തില്‍ കോണ്‍ഗ്രസ് മൂന്നാംതവണയും പ്രതിപക്ഷത്തിരിക്കുമെന്നും തരൂര്‍ പറഞ്ഞുവെക്കുന്നുണ്ട്. കോണ്‍ഗ്രസ് വോട്ടുകൊണ്ടു മാത്രം കേരളത്തില്‍ ജയിക്കില്ലെന്നും ജനങ്ങളുടെ വലിയ പിന്തുണ തനിക്കുണ്ടെന്നും കോണ്‍ഗ്രസ് വിരുദ്ധവോട്ടുകളും തനിക്ക് ലഭിച്ചെന്നും തരൂര്‍ പറയുന്നു.
സ്വതന്ത്രമായി അഭിപ്രായപ്രകടനം നടത്താന്‍ കഴിയുന്നതിനാലാണ് നാലുതവണ എംപിയായതെന്നും പാര്‍ട്ടി മാറുന്നത് ആലോചനയിലില്ലെന്നും പാര്‍ട്ടിക്ക് വേണ്ടെങ്കില്‍ തനിക്ക് മറ്റ് പണികളുണ്ടെന്നും തരൂര്‍ തുറന്നടിക്കുന്നു. തന്റെ കഴിവുകള്‍ പാര്‍ട്ടി വിനിയോഗിക്കണമെന്നും തരൂര്‍ ആവശ്യപ്പെടുന്നുണ്ട്. രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയില്‍ തൃപ്തിയില്ലെന്നാണ് ശശി തരൂരിന്റെ പുതിയ പരാമര്‍ശങ്ങള്‍ സൂചിപ്പിക്കുന്നത്. മുഖ്യമന്ത്രി സ്ഥാനാര്‍ഥിത്വം ലക്ഷ്യമിട്ടുള്ള നീക്കമാണ് ശശി തരൂരിന്റെ പുതിയ അഭിമുഖത്തിലെ പരാമര്‍ശങ്ങളെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വ്യക്തമാക്കുന്നത്. താന്‍ നേതൃപദവിക്ക് അനുയോജ്യനാണെന്ന് പല ഏജന്‍സികള്‍ നടത്തിയ സര്‍വേകളും ചൂണ്ടിക്കാട്ടിയിരുന്നുവെന്ന് തരൂര്‍ പറയുന്നുണ്ട്.
കോൺഗ്രസ് നേതൃത്വത്തെ വെല്ലുവിളിക്കുവാനും തരൂർ തയ്യാറാകുന്നുണ്ട്. സോണിയാ ഗാന്ധിയും മന്‍മോഹന്‍ സിംഗും രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടതുകൊണ്ടാണ് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേര്‍ന്നതെന്നും തനിക്ക് മറ്റു പണികൾ ഉണ്ടെന്നും തരൂർ പറയുന്നു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ വ്യവസായരംഗത്തെ പുകഴ്ത്തി ലേഖനമെഴുതിയെന്ന വിവാദം കെട്ടടങ്ങും മുന്‍പേയാണ് പുതിയ പരാമര്‍ശങ്ങളുമായി ശശി തരൂര്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്. അതേസമയം ശശി തരൂരിന്റെ നീക്കങ്ങള്‍ പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താനാണെന്ന വിലയിരുത്തലിലാണ് ദേശീയ നേതൃത്വം.






