Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കിരീടവും ചെങ്കോലുമണിഞ്ഞ നടനപെരുന്തച്ചൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

അരങ്ങിലും അഭ്രപാളികളിലും അരനൂറ്റാണ്ടിലേറെക്കാലം അഭിനയമികവിന്റെ സുവർണമുദ്ര ചാർത്തിയ അതുല്യ നടൻ തിലകൻ ഓർമയായിട്ട് 13 വർഷം. മലയാള സിനിമയുടെ അഭിമാനവും ആത്മവിശ്വാസവുമായിരുന്നു തിലകൻ. തിരശീലയിലെ അഭിനയയിടങ്ങളുടെ സാധ്യതയും ചാരുതയും അറിയിച്ചാണ് അദ്ദേഹം തട്ടകത്തിൽ നിന്നും അരങ്ങൊഴിഞ്ഞത്. എവിടെയും തലകുനിക്കാത്ത പോരാളിയായിരുന്നു തിലകൻ എന്ന കലാകാരൻ. സാധാരണഗതിയിൽ ഒരു നടനെ പരീക്ഷിക്കുന്ന കഥാപാത്രങ്ങളെ അതുകൊണ്ടുതന്നെയാണ് അദ്ദേഹത്തിന് അനായാസം തോൽപിക്കാൻ കഴിഞ്ഞത്. ഒരു മികച്ച നടനുമാത്രം കഴിയാവുന്നവിധം അദ്ദേഹം തന്റെ ഓരോ കഥാപാത്രത്തിനും അപൂർവമായ ഉയിരും മിഴിവും പകർന്ന് അവരെ സിനിമാ ചരിത്രത്തിന്റെ താളുകളിലെത്തിക്കുകയായിരുന്നു. അദ്ദേഹം ജീവൻപകരാത്ത അദ്ദേഹത്തിന്റെ കഥാപാത്രങ്ങളുടെ പേരോർമിക്കാൻ പറഞ്ഞാൽ മലയാളിക്ക് ഉത്തരംമുട്ടു എന്നുള്ളകാര്യം ഉറപ്പാണ്.
സ്വയം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്‌ത തന്റെ അഭിനയവിദ്യാലയത്തെ വളർത്തി വലുതാക്കി മനസ്സിൽ കൊണ്ടുനടക്കുന്നയാളാണ് തിലകൻ. സിനിമയിലേക്കെത്തുന്ന പുതുമുറക്കാർക്കു താൻ പഠിച്ച പാഠങ്ങൾ സ്‌നേഹത്തോടെ ചൊല്ലിക്കൊടുക്കുന്നത് അദ്ദേഹത്തിന്റ ശീലമായിരുന്നു.

രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ നാടകത്തട്ടിൽ കയറിയ ആ കുട്ടിയിൽ നിന്ന് ‘ഉസ്‌താദ് ഹോട്ടലി’ലെ കരീംക്ക എന്ന കഥാപാത്രത്തിലേക്കുള്ള ദൂരം മലയാള ചലച്ചിത്രചരിത്രം കണ്ട വലിയ നടന്മാരിലൊരാളുടെ അഭിനയ നവീകരണ ചരിത്രം കൂടിയാണ്. കടലിരമ്പം മുഴങ്ങുന്ന ശബ്‌ദത്തിൽ, കൃത്യവും വ്യക്‌തവുമായ ശരീരഭാഷയിൽ, ഭാവങ്ങളുടെ സ്വർണശുദ്ധിയിൽ ആ നടൻ തന്റെ കഥാപാത്രങ്ങളുടെയൊക്കെയുള്ളിൽ സുരേന്ദ്ര നാഥ തിലകൻ എന്ന കയ്യൊപ്പുചാർത്തി. സിനിമയുണ്ടായ കാലംതൊട്ടു പലരും പലവട്ടം അവതരിപ്പിച്ച ഭാവങ്ങളായ വാൽസല്യവും സ്‌നേഹവും പരിഭവവും ക്രൂരതയും പകയും തോൽവിയും ജയവുമൊക്കെ ആ തിലകമണിഞ്ഞു തിരശീലയിലെത്തുമ്പോൾ അതുവരെ കാണാത്ത രീതിയിൽ വ്യത്യസ്‌തമാകുന്നതും നമ്മൾ ഓരോ കഥാപാത്രങ്ങളിലൂടെയും കണ്ടതാണ്.

ചെറുപ്പം മുതലേ കലയോട് താൽപ്പര്യമുണ്ടായിരുന്ന സുരേന്ദ്രനാഥ തിലകൻ പ്രൊഫഷണൽ നാടക സംഘങ്ങളുടെ പ്രധാന സംഘാടകനായിരുന്നു. 43 നാടകങ്ങൾ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. പി ജെ ആന്റണി നായകനായ ‘ഞങ്ങളുടെ മണ്ണ്’ എന്ന നാടകം സംവിധാനം ചെയ്തുകൊണ്ടാണ് അദ്ദേഹം നാടകരംഗത്ത് തുടക്കം കുറിച്ചത്.

മലയാളത്തിലെ ആദ്യ ക്യാമ്പസ് സിനിമയായി വിശേഷിപ്പിക്കുന്ന ‘ഉൾക്കടൽ’ എന്ന നോവലിനെ ആസ്പദമാക്കി കെ ജി ജോർജ് സംവിധാനം ചെയ്ത അതേപേരിലുള്ള ചിത്രത്തിലാണ് തിലകൻ ആദ്യമായി അഭിനയിക്കുന്നത്. ലഭിക്കുന്ന ഏത് കഥാപാത്രത്തെയും പൂർണ്ണ പ്രതിബദ്ധതയോടെ അവതരിപ്പിച്ച് പ്രേക്ഷകരുടെ കയ്യടി നേടിയ നടനാണ് അദ്ദേഹം.
നാടകമായാലും സിനിമയായാലും തിലകന്റെതായ ഇടം അവയിലെല്ലാമുണ്ടായിരുന്നു. ആർക്കും അവഗണിക്കാനാകാത്ത അഭിനയപ്രതിഭ. പ്രതിഭ കൊണ്ടാണ് തിലകൻ മത്സരിച്ചത്. വേഷം ഏതായാലും അതിന് ഒരു തിലക സ്പർശമുണ്ട്. കർക്കശക്കാരനായ അധ്യാപകനായാലും, സ്നേഹനിധിയായ അച്ഛന്റെ വേഷമായാലും, വില്ലന്റെ മാനറിസമായാലും, ഭ്രാന്തന്റെ കോമാളിത്തമായാലും താളംകൈവിട്ടുപോകാതെ ആ കഥാപാത്രത്തെ സമീപിക്കാനും കഥാപാത്രമായി തന്നെ നിൽക്കാനും തിലകന് കഴിയാറുണ്ട്. തിലകൻ മോശമാക്കി എന്ന വാക്ക് അഭിനയവേദിയിൽ നിന്ന് കേൾക്കാറില്ല. 1973 ൽ പെരിയാറിൽ തുടങ്ങി ഒടുവിൽ റിലീസായ ഉസ്താദ് ഹോട്ടലിലെ കരീമിക്ക വരെ എണ്ണമറ്റ കഥാപാത്രങ്ങൾ. അതിനും മുമ്പ് നാടകവേദിയ സമ്പുഷ്ടമാക്കിയ നിരവധി വർഷങ്ങൾ. പി.ജെ ആന്റണിയുടെ പി.ജെ തിയേറ്റേഴ്സിന്റെ കീഴിൽ ഒട്ടേറെ നാടകങ്ങൾ. വളരെ ആത്മബന്ധമായിരുന്നു പി.ജെയും തിലകനും തമ്മിലുണ്ടായിരുന്നത്. ആദ്യ സിനിമ പെരിയാറിൽ അഭിനയിച്ചതും പി.ജെ.യുടെ കഥാപാത്രത്തിന്റെ മകനായി തന്നെ. ഒരു തുടർച്ച പോലെ പിന്നീട് തിലകനെ ഏറ്റവും കൂടുതൽ തേടിയെത്തിയതും അച്ഛൻ വേഷങ്ങൾ തന്നെ. 81 ൽ യവനികയോടെ മലയാള സിനിമയ്ക്ക് തിലകൻ അനിവാര്യതയായി. യവനികയിലെ വക്കച്ചനും പഞ്ചവടിപ്പാലത്തിലെ പ്രതിപക്ഷ നേതാവും തിലകൻ അതേ വ്യത്യസ്തതയോടെ അദ്ദേഹം കൈകാര്യം ചെയ്ത വേഷങ്ങളാണ്.

ജോർജ്ജ് കുട്ടി c/o ജോർജ്ജ് കുട്ടി ഒരേ സമയം അലസഭാവവും ഗൗരവവും ഒരേ കഥാപാത്രത്തിൽ സമ്മേളിക്കുന്നത് തിലകനിലൂടെ കണ്ടു. ഇട്ടിച്ചനും മീനത്തിലെ താലികെട്ടിലെ ദിലീപിന്റെ അച്ഛനായ ഗോവിന്ദൻ നമ്പീശനും ആജ്ഞാശക്തിയുടെ കരുത്തുറ്റ പ്രതീകങ്ങളാണ്. ഏറ്റവും കൂടുതൽ തിലകൻ ശോഭിച്ച വേഷങ്ങളിലൊന്ന് ജഡ്ജി റോളുകളാണ്.

‘‘ഞാൻ അച്ഛനായി അഭിനയിക്കുമ്പോൾ മകനായി തോന്നുന്നത് മോഹൻലാൽ ഒപ്പം അഭിനയിക്കുമ്പോഴാണ്’ എന്ന്‌ തിലകൻ പറഞ്ഞിട്ടുണ്ട്. തിലകനും മോഹൻലാലും അച്ഛനും മകനുമായി സ്‌ക്രീനിൽ വന്നപ്പോഴെല്ലാം ആ കെമിസ്ട്രി പ്രേക്ഷകർ അമ്പരന്ന് കണ്ടിരുന്നു പോയിട്ടുണ്ട്. ശബ്ദവും ഭാവവും രൂപവുംകൊണ്ട് കഥാപാത്രത്തിന്റെ ആത്മാവിനെ ആവാഹിക്കുന്ന മായാജാലത്തിൽ അഗ്രഗണ്യരായ രണ്ടുപേർ. മലയാളത്തിന്റെ സ്വന്തം മഹാനടന്മാർ.

ആദ്യവസാനം നർമ്മത്തിൽ പൊലിഞ്ഞ കിലുക്കത്തിലെ ഏറ്റവും ഗൗരവമുള്ള വേഷം തിലകന്റെ ജസ്റ്റിസ് പിള്ളയാണ്. കർക്കശക്കാരനായ ജസ്റ്റിസ് പിള്ള രേവതിയോടൊത്തുള്ള രംഗങ്ങൾ ഓരോ തവണയും നമ്മെ പൊട്ടി ചിരിപ്പിച്ചിരിക്കുകയാണ്. അതേ സമയം മുരളിയ്ക്ക് മുമ്പിൽ രേവതിയുടെ പിതൃത്വം വിശദീകരിക്കുമ്പോൾ അതുവരെ കണ്ടതിലകനല്ല നമുക്ക് മുന്നിൽവരുന്നത്. തുപോലെ തന്നെ മിന്നാരത്തിലെ റിട്ട.ഐ.ജി മാത്യൂസും, ഏറെ ചിരിപ്പിച്ച വേഷമാണ്. നരസിംഹത്തിലെ ഏറ്റവും ഹൃദയസ്പർശിയായ രംഗം ലാലും തിലകനും തമ്മിലുള്ളതാണ്. കർമ്മത്തിൽ മകനെന്ന പരിഗണന പോലും മറന്ന് വിധികൽപിക്കുന്ന ജസ്റ്റിസ് മേനോൻ തിലകന് മാത്രം ചെയ്യാൻ കഴിയുന്ന വേഷമാണ്. വരവേൽപിലെ ലേബർ ഓഫീസർ, സന്ദേശത്തിലെ ജയറാമിന്റെയും ശ്രീനിവാസന്റെയും അച്ഛനായ സ്റ്റേഷൻ മാസ്റ്റർ ഏകാന്തത്തിലെ അച്യുത മേനോൻ ഓർക്കുക വല്ലപ്പോഴും എത്രയെത്ര വേഷവൈവിധ്യങ്ങൾ.

കിരീടത്തിൽ നിന്റെ അച്ഛനാടാ പറയുന്നെ കത്തിതാഴെയിടടാ എന്ന് തിലകൻ ഓരോ തവണയും ആവർത്തിച്ചു പറയുമ്പോൾ പോലീസുകാരന്റെ ആജ്ഞയും, അച്ഛന്റെ അധികാരവും കടന്ന് നിസ്സഹായാവസ്ഥയുടെ നേർരൂപമായി വൈകാരിക തലം മാറിമാറിവരുന്നു. കർക്കശക്കാരനായ ചാക്കോ മാഷിനെ കാണുമ്പോൾ അതിൽ തിലകനില്ല എന്ന് തന്നെ നമുക് പറയാം. അതിൽ ചാക്കോ മാഷ് മാത്രമേയുള്ളൂ. സ്വന്തം അച്ഛനെ തന്നെയാണ് തിലകൻ ചാക്കോ മാഷിൽ അവതരിപ്പിച്ചതെന്ന് സംശയിക്കാം. അഭിനയത്തികവിന് തിലകന്റെ സാക്ഷ്യപത്രമാണ് ചാക്കോ മാഷ്. രണ്ടാംഭാവം, കർമ്മ എന്നീ ചിത്രങ്ങളിൽ അധോലോക നായകനായി തിലകൻ വിലസി. അതേ സമയം ക്രൂരതയുടെ പര്യായമായി കണ്ടിട്ടുള്ള കള്ളക്കടത്തുകാരൻ പ്രേക്ഷകനെ പൊട്ടിച്ചിരിപ്പിച്ചതിന്റെ ഉദാഹരണമാണ് അനന്തൻ നമ്പ്യാർ എന്ന പേടിത്തൊണ്ടനായ കള്ളക്കടത്തുകാരന്റെ വേഷം. അതിൽ ശ്രിനീവാസനൊപ്പം വേഷപ്രച്ഛനനായി പോകുന്ന തിലകൻ ഇന്നും എന്നും ചിരിപടർത്തും. ആരംഗത്തിൽ തിലകന്റെ ശബ്ദവിന്യാസവും എത്ര മനോഹരമാണ്.അത് പോരെങ്കിൽ ചക്കിക്കൊത്ത ചങ്കരനിലെ രാഘവൻ തമ്പിയും മൂക്കില്ലാത്ത രാജ്യത്തിലെ ഭ്രാന്തനും തിലകന് തമാശയും വഴങ്ങുമോ എന്ന ചോദ്യത്തിനുള്ള ഉത്തരങ്ങളാണ്. സിദ്ദിഖ് ലാൽ ചിത്രമായ ഗോഡ്ഫാദർ ഒരേ സമയം കോമഡിയും എന്നാൽ രണ്ട് കുടുംബങ്ങൾ തമ്മിലുള്ള വൈരുധ്യത്തിന്റെയം കഥയാണ്. അതിൽ ഏറ്റവും ശക്തമായ വേഷം തിലകൻ അവതരിപ്പിച്ച ബാലരാമനായിരുന്നു.

ഷൊർണൂരിൽ ഷൂട്ടിങ്ങിനിടെയാണ് തിലകൻ കുഴഞ്ഞുവീണത്. വൈകാതെ അബോധാവസ്ഥയിലായി. ആരോഗ്യനില ക്രമേണ മോശമായിവന്നു. അതീവഗുരുതരാവസ്ഥയിൽ ഏതാനും ദിവസം ആസ്പത്രിയിൽ. ഒടുവിൽ അനിവാര്യമായ മരണം ആ അഭിനയപ്രതിഭയെ കൂട്ടിമടങ്ങുന്നു. തിലകന്റെ ശേഷിപ്പുകളായി അനേകം കഥാപാത്രങ്ങളും ഓർമ്മകളും ബാക്കിയാകുന്നു.

Recent News

Advertisement
WhiteswanTV Footer