ആലപ്പുഴ: എൻഎസ്എസിന്റെ സമീപകാല രാഷ്ട്രീയ നിലപാട് തദ്ദേശ തെരഞ്ഞെടുപ്പുകളിലും നിയമസഭാ തെരഞ്ഞെടുപ്പുകളിലും എൽഡിഎഫിന് ഗുണകരമാകുമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ശബരിമല യുവതീപ്രവേശന വിഷയത്തിൽ എൻഎസ്എസ് സ്വീകരിച്ച നിലപാടിനോട് എസ്എൻഡിപിക്കും യോജിപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.
“സുകുമാരൻ നായർ പറഞ്ഞത് ശരിയാണ്. എൻഎസ്എസിന്റെ നിലപാട് വിഷയാധിഷ്ഠിതമാണ്. സർക്കാർ ഇപ്പോൾ ഭക്തർക്കൊപ്പമാണെന്ന് ബോധ്യപ്പെട്ടപ്പോൾ എൻഎസ്എസ് നിലപാട് മാറ്റി. ഇനി സർക്കാർ എതിര്‍ക്കേണ്ടതില്ല”, വെള്ളാപ്പള്ളി പറഞ്ഞു. ആരു പറഞ്ഞു എന്നല്ല, എന്ത് പറഞ്ഞു എന്നാണു നോക്കേണ്ടത്. ശരി ആരും പറഞ്ഞാലും അംഗീകരിക്കണം. എല്ലാ കാര്യത്തിലും സർക്കാരിനെ വിശ്വസിക്കണമെന്നില്ല, പക്ഷേ ശബരിമല വിഷയത്തിൽ സർക്കാരിനെ വിശ്വസിക്കാം. സർക്കാർ പഴയ ആചാരം അനുസരിച്ച് ജനവികാരം കണക്കിലെടുത്താണ് പ്രവർത്തിച്ചത്,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വെള്ളാപ്പള്ളി നടേശൻ കോൺഗ്രസിന്റെ നിലപാട് വ്യക്തതയില്ലാത്തതാണെന്നും ആരോപിച്ചു . “കോൺഗ്രസിനു നിലപാടില്ല എന്നത് സത്യമാണ്. എവിടെയെങ്കിലും എതിർക്കണം, അല്ലെങ്കിൽ അനുകൂലിക്കണം. എനിക്ക് കോംപ്ലക്‌സ് ഇല്ല. കോൺഗ്രസ് എനിക്ക് എതിരെ പ്രവർത്തിച്ചു. കെപിസിസി എന്റെ വീട്ടിൽ ആരും വരരുതെന്ന് വിലക്കിയിരുന്നു. പിന്നെയെങ്കിലും പല കോൺഗ്രസുകാരും പാത്തും പതുങ്ങിയും വന്നിട്ടുണ്ട്. വരാത്തതിൽ പിണക്കമില്ല, സന്തോഷമേ”, എന്നും അദ്ദേഹം പറഞ്ഞു.




