നഗോയ: ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് മത്സരങ്ങളിലെ മെഡൽ ജേതാക്കൾക്ക് മെഡലുകൾ സമ്മാനിക്കുന്നത് പാകിസ്താൻ ആഭ്യന്തര മന്ത്രി കൂടിയായ മൊഹ്‌സിൻ നഖ്‌വിയാകുമെന്ന റിപ്പോർട്ടുകൾ ഇന്ത്യൻ പുരുഷ-വനിതാ ക്രിക്കറ്റ് ടീമുകൾക്ക് പുതിയ പ്രതിസന്ധി സൃഷ്ടിക്കുന്നു. ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിലെ നിലവിലെ ജേതാക്കളാണ് ഇന്ത്യൻ പുരുഷ-വനിതാ ടീമുകൾ. ഇത്തവണയും ഇരു ടീമുകളും മെഡൽ പ്രതീക്ഷയുള്ളവരാണ്.
കഴിഞ്ഞ വർഷം ഏഷ്യാ കപ്പ് ക്രിക്കറ്റിനിടെ മൊഹ്‌സിൻ നഖ്‌വിയിൽ നിന്ന് ട്രോഫിയും മെഡലുകളും സ്വീകരിക്കാൻ ഇന്ത്യൻ പുരുഷ ടീം വിസമ്മതിച്ചിരുന്നു. ഇത്തവണ കിരീടം നേടിയ ഇന്ത്യൻ വനിതാ ടീമും നഖ്‌വിയിൽ നിന്ന് ട്രോഫി സ്വീകരിച്ചിരുന്നില്ല. എന്നാൽ, ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യ ഔദ്യോഗികമായി നഖ്‌വിയെ മെഡൽ ദാനത്തിനായി ചുമതലപ്പെടുത്തിയാൽ ഇന്ത്യൻ താരങ്ങൾക്ക് അദ്ദേഹത്തിൽ നിന്ന് മെഡലുകൾ സ്വീകരിക്കേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ.
ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യ പ്രസിഡന്റ് ഷെയ്ഖ് ജോആൻ ബിൻ ഹമദ് അൽ ഥാനി നഖ്‌വിയെ മെഡൽ ദാനത്തിനായി ഔദ്യോഗികമായി ചുമതലപ്പെടുത്തിയാൽ ഒസിഎ ചട്ടങ്ങൾ പ്രകാരം ഇന്ത്യൻ താരങ്ങൾക്ക് മെഡൽ സ്വീകരിക്കേണ്ടി വരുമെന്നാണ് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ. മെഡൽ സ്വീകരിക്കാൻ വിസമ്മതിക്കുന്നത് ഗെയിംസിനെയും ഒസിഎയെയും ഔദ്യോഗിക പ്രതിനിധിയെയും അപമാനിക്കുന്നതായി കണക്കാക്കാൻ സാധ്യതയുണ്ടെന്നും അത്തരം സാഹചര്യത്തിൽ അച്ചടക്ക നടപടികൾ ഉണ്ടായേക്കാമെന്നും റിപ്പോർട്ടുകൾ പറയുന്നു.
അതേസമയം, ഏഷ്യൻ ഗെയിംസിന്റെ വിജയച്ചടങ്ങുകളിൽ രാഷ്ട്രീയ, വാണിജ്യ, മത, വംശീയ പ്രചാരണങ്ങളോ പ്രതിഷേധങ്ങളോ അനുവദിക്കില്ലെന്ന് ഒസിഎ ചട്ടങ്ങളിൽ വ്യക്തമാക്കുന്നുണ്ട്.


