റിയാദ്: ഭാര്യയെ മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തിയ കേസിൽ സൗദി പൗരന്റെ വധശിക്ഷ മക്കയിൽ നടപ്പാക്കി. വ്യാഴാഴ്ചയാണ് ശിക്ഷ നടപ്പാക്കിയതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
മുസ്അബ് ബിൻ അബ്ദുല്ല ബിൻ സഫർ അൽ അബ്ദലി അൽ ഗാംദിയാണ് ഭാര്യ ഖുലൂദ് ബിൻത് മുഹമ്മദ് ബിൻ ഹംദാൻ അൽ ഗാംദിയെ ആക്രമിച്ച് കൊലപ്പെടുത്തിയത്. മൂർച്ചയുള്ള ആയുധം ഉപയോഗിച്ചുള്ള ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഖുലൂദ് സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.
സംഭവത്തിന് പിന്നാലെ സുരക്ഷാസേന പ്രതിയെ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിലും അന്വേഷണത്തിലും കുറ്റം തെളിഞ്ഞതിനെ തുടർന്ന് കേസ് ബന്ധപ്പെട്ട കോടതിയിലേക്ക് കൈമാറി. ഭാര്യയെ അപ്രതീക്ഷിതമായി ആക്രമിച്ച് കൊലപ്പെടുത്തിയ കേസിൽ കോടതി വധശിക്ഷ വിധിച്ചു.
അപ്പീൽ കോടതിയും സുപ്രീം കോടതിയും ശിക്ഷ ശരിവച്ചതിന് പിന്നാലെ വധശിക്ഷ നടപ്പാക്കുന്നതിനുള്ള രാജകീയ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മക്കയിൽ ശിക്ഷ നടപ്പാക്കിയത്.
രാജ്യത്ത് ക്രമസമാധാനവും നീതിയും ഉറപ്പാക്കുന്നതിനുള്ള നടപടികൾ തുടരുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. നിരപരാധികളുടെ ജീവനും സുരക്ഷയ്ക്കും ഭീഷണിയാകുന്ന കുറ്റകൃത്യങ്ങൾക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം അറിയിച്ചു.


