നഗോയ: ഏഷ്യയുടെ കായികസ്വപ്നങ്ങൾക്ക് പുതിയ അധ്യായം കുറിച്ച് 20-ാമത് ഏഷ്യൻ ഗെയിംസിന് ജപ്പാനിലെ അയ്ചി-നഗോയയിൽ തുടക്കമായി. നഗോയയിലെ പലോം മിസൂബോ സ്റ്റേഡിയത്തിൽ അത്യാധുനിക സാങ്കേതികവിദ്യകൾ സമന്വയിപ്പിച്ചാണ് ഉദ്ഘാടനച്ചടങ്ങ് സംഘടിപ്പിച്ചത്.
ജപ്പാൻ ചക്രവർത്തി നരുഹിതോ, ചക്രവർത്തിനി മസാകോ, കിരീടാവകാശി അകിഷിനോ, യുവരാജ്ഞി കികോ എന്നിവർ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തു. ഒളിംപിക് കൗൺസിൽ ഓഫ് ഏഷ്യ പ്രസിഡന്റ് ഷെയ്ഖ് ജൊവാൻ ബിൻ ഹമദ് അൽ ഥാനിയും ചടങ്ങിന് സാക്ഷിയായി.
മാർച്ച് പാസ്റ്റിൽ 158 അംഗങ്ങളുള്ള ഇന്ത്യൻ സംഘത്തെ പാരീസ് ഒളിംപിക്സിൽ ഇരട്ട മെഡൽ നേടിയ ഷൂട്ടർ മനു ഭാക്കറും കബഡി താരം പവൻ സെഹ്റാവത്തും ചേർന്ന് നയിച്ചു. രണ്ട് ഏഷ്യൻ ഗെയിംസുകളിലും പുരുഷ ഷോട്ട്പുട്ടിൽ സ്വർണം നേടിയ തജീന്ദർപാൽ ടൂറിനെയാണ് ആദ്യം പതാകവാഹകനായി നിശ്ചയിച്ചിരുന്നത്. എന്നാൽ സെറിമോണിയൽ കിറ്റ് കൃത്യസമയത്ത് ലഭിക്കാത്തതിനെ തുടർന്ന് പവൻ സെഹ്റാവത്തിനെ പകരം പതാകവാഹകനാക്കുകയായിരുന്നു. 29 മലയാളി താരങ്ങൾ ഉൾപ്പെടെ 499 ഇന്ത്യൻ താരങ്ങളാണ് ഇത്തവണ ഏഷ്യൻ ഗെയിംസിൽ മത്സരിക്കുന്നത്.
ഏഷ്യൻ ഭൂഖണ്ഡത്തിലെ 46 രാജ്യങ്ങളിൽ നിന്നായി 10,840 കായികതാരങ്ങളാണ് അയ്ചി-നഗോയ ഗെയിംസിൽ പങ്കെടുക്കുന്നത്. 43 കായിക ഇനങ്ങളിലായി 493 മെഡൽ ഇനങ്ങളിലാണ് മത്സരം നടക്കുന്നത്.
പരമ്പരാഗത കായിക ഇനങ്ങൾക്ക് പുറമെ ടെക്ബോൾ, മിക്സഡ് മാർഷ്യൽ ആർട്സ്, പാഡെൽ, സർഫിംഗ്, ബി.എം.എക്സ് ഫ്രീസ്റ്റൈൽ, വിർച്വൽ തായ്ക്വോണ്ടോ, വിപുലീകരിച്ച ഇ-സ്പോർട്സ് വിഭാഗങ്ങൾ എന്നിവയും ഇത്തവണ ഏഷ്യൻ ഗെയിംസിൽ അരങ്ങേറ്റം കുറിക്കുന്നു.




