കൊച്ചി: പാലാരിവട്ടത്ത് യുവതികളെ വിവസ്ത്രരാക്കി കവർച്ച നടത്തിയ കേസിൽ ആറ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. കവർച്ചയിൽ നേരിട്ട് പങ്കെടുത്ത അഞ്ച് പേരെയും ഗൂഢാലോചനയിൽ പങ്കാളിയായ ഒരാളെയുമാണ് പൊലീസ് പിടികൂടിയത്. ഒരു പ്രതിയെ കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് അറിയിച്ചു. അറസ്റ്റിലായവരിൽ ഇതര സംസ്ഥാന തൊഴിലാളികളും ഉൾപ്പെടുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നാണ് പ്രതികളെ പിടികൂടിയത്.
വ്യാഴാഴ്ച പുലർച്ചെയാണ് പാലാരിവട്ടത്തെ വാടകവീട്ടിൽ കവർച്ച നടന്നത്. മാരകായുധങ്ങളുമായി വീട്ടിൽ അതിക്രമിച്ച് കയറിയ അഞ്ചംഗ സംഘം കത്തി കാണിച്ചും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയും യുവതികളിൽ നിന്ന് സ്വർണവും പണവും മൊബൈൽ ഫോണുകളും കവർന്നു.
യുപിഐ വഴിയും 12,000 രൂപ പ്രതികൾ കൈക്കലാക്കിയതായി പൊലീസ് പറഞ്ഞു. ഏകദേശം 3.05 ലക്ഷം രൂപ വിലവരുന്ന പത്ത് മൊബൈൽ ഫോണുകളും 1.20 ലക്ഷം രൂപയും സ്വർണാഭരണങ്ങളുമാണ് കവർന്നത്.
അസമിൽ നിന്നും പശ്ചിമ ബംഗാളിൽ നിന്നുമുള്ള യുവതികളാണ് അതിക്രമത്തിനിരയായത്. പുരുഷ സുഹൃത്തുക്കൾക്കൊപ്പമായിരുന്നു ഇവർ വാടകവീട്ടിൽ താമസിച്ചിരുന്നത്. കവർച്ചയ്ക്കിടെ യുവതികളെ വിവസ്ത്രരാക്കിയതായും പൊലീസ് അറിയിച്ചു.
യുവതികളിൽ ഒരാളുടെ കഴുത്തിലുണ്ടായിരുന്ന ഒരു പവൻ തൂക്കമുള്ള സ്വർണമാലയും മറ്റൊരാളുടെ നാല് ഗ്രാം തൂക്കമുള്ള സ്വർണക്കമ്മലയും പ്രതികൾ കവർന്നു. കവർച്ചയ്ക്ക് ശേഷം സംഘം സ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു.
കേസിൽ അറസ്റ്റിലായ പ്രതികളെ ചോദ്യം ചെയ്ത് വരികയാണെന്നും ശേഷിക്കുന്ന പ്രതിക്കായി അന്വേഷണം ഊർജിതമാക്കിയതായും പൊലീസ് അറിയിച്ചു.




