തിരുവനന്തപുരം: വൈദ്യുതി നിയന്ത്രണം ഒഴിവാക്കുന്നതിനായി ഉയർന്ന വിലയ്ക്ക് തൽസമയ വൈദ്യുതി വിപണിയിൽ നിന്ന് കെഎസ്ഇബി കൂടുതൽ വൈദ്യുതി വാങ്ങി. കേന്ദ്ര വൈദ്യുതി നിലയങ്ങളിൽ നിന്നുള്ള സംസ്ഥാനത്തിന്റെ വിഹിതത്തിലും നേരിയ വർധനയുണ്ടായി. എന്നാൽ പ്രതിസന്ധിക്ക് പൂർണ പരിഹാരമായിട്ടില്ലാത്തതിനാൽ ഇന്ന് ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുണ്ടെന്ന് കെഎസ്ഇബി അറിയിച്ചു.
വൈകിട്ട് 6.15 മുതൽ രാത്രി 12.45 വരെ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ട സാഹചര്യമുണ്ടാകാമെന്നാണ് കെഎസ്ഇബിയുടെ മുന്നറിയിപ്പ്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലും നിയന്ത്രണത്തിന് സാധ്യതയുണ്ടെന്ന് അറിയിച്ചിരുന്നെങ്കിലും വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിരുന്നില്ല.
ഇന്നലെ തൽസമയ വൈദ്യുതി വിപണിയിൽ നിന്ന് പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ വൈദ്യുതി ലഭിച്ചിരുന്നു. ബുധനാഴ്ചയേക്കാൾ 8 ദശലക്ഷം യൂണിറ്റ് അധിക വൈദ്യുതി തൽസമയ വിപണിയിൽ നിന്ന് വാങ്ങാൻ കഴിഞ്ഞു. തമിഴ്നാട് ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ വൈദ്യുതി ഉൽപ്പാദനം വർധിച്ചതാണ് ഇതിന് ഒരു കാരണമായി ചൂണ്ടിക്കാട്ടുന്നത്.
ഗ്രിഡ് വഴി ഷെഡ്യൂൾ ചെയ്തതിലും അധികം വൈദ്യുതി എടുക്കാനും കെഎസ്ഇബിക്ക് കഴിഞ്ഞു. ഇതോടെ പുറത്തുനിന്ന് 78 ദശലക്ഷം യൂണിറ്റിലധികം വൈദ്യുതി എത്തിക്കാനായി. കേന്ദ്രപൂളിൽ നിന്നുള്ള വൈദ്യുതി വിഹിതത്തിലും ഒരു ദശലക്ഷം യൂണിറ്റിലധികം വർധനയുണ്ടായി.
അതേസമയം, ഈ മാസത്തേക്ക് അധിക വൈദ്യുതി എത്തിക്കുന്നതിനായി കെഎസ്ഇബി നടത്തുന്ന ചർച്ചകളിൽ ഇതുവരെ പുതിയ കരാറിൽ ധാരണയായിട്ടില്ല. ജൂണിൽ തന്നെ ഈ മാസത്തേക്കുള്ള ഹ്രസ്വകാല വൈദ്യുതി കരാർ ഇല്ലെന്ന് വ്യക്തമായിരുന്നെങ്കിലും, നിലവിൽ നടത്തുന്ന തരത്തിലുള്ള നടപടികൾ അന്ന് സ്വീകരിച്ചിരുന്നില്ലെന്നാണ് വിവരം. നിലവിലെ വൈദ്യുതി പ്രതിസന്ധിയും കാലാവസ്ഥാ സാഹചര്യങ്ങളും നേരത്തെ തന്നെ തിരിച്ചറിഞ്ഞിരുന്നതായും ചൂണ്ടിക്കാട്ടപ്പെടുന്നു.
വരും മാസങ്ങളിലെ വൈദ്യുതി പ്രതിസന്ധി ഒഴിവാക്കാൻ വിവിധ വൈദ്യുതി പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് റെഗുലേറ്ററി കമ്മീഷൻ നിർദേശിച്ചിട്ടുണ്ട്. മൈലാട്ടി, മുള്ളേരിയ പദ്ധതികൾ അടുത്തമാസം പൂർത്തിയാക്കുമെന്നാണ് കെഎസ്ഇബി അറിയിച്ചിരിക്കുന്നത്. ശ്രീകണ്ഠപുരം, അരീക്കോട് പദ്ധതികൾ നവംബറിലും പോത്തൻകോട് പദ്ധതി ഡിസംബറിലും പൂർത്തിയാക്കണമെന്നാണ് കമ്മീഷന്റെ നിർദേശം.
സോളാർ വൈദ്യുതി സംഭരിച്ച് പിന്നീട് ഉപയോഗിക്കാൻ ആവശ്യമായ സംവിധാനം നിലവിലില്ലാത്തതിനാൽ പകൽസമയങ്ങളിൽ കരാർ പ്രകാരമുള്ള വൈദ്യുതി കെഎസ്ഇബി സറണ്ടർ ചെയ്യുന്നതായും റെഗുലേറ്ററി കമ്മീഷൻ നേരത്തെ നിരീക്ഷിച്ചിരുന്നു. ഇത് വൈദ്യുതി ലഭ്യതയിലെ പ്രതിസന്ധി കൂടുതൽ സങ്കീർണമാക്കുന്ന ഘടകങ്ങളിലൊന്നാണ്.



