തിരുവനന്തപുരം: പാറശ്ശാലയിൽ ഭാര്യയെ കത്തികൊണ്ട് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ. ഗുരുതരമായി പരിക്കേറ്റ പാറശ്ശാല കുഴക്കോട് സ്വദേശിനി സുനിത ആശുപത്രിയിൽ ചികിത്സയിലാണ്. അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയ യുവതിയുടെ നില ഗുരുതരമായി തുടരുകയാണ്.
ഭർത്താവ് വിജയ് പ്രേംകുമാറാണ് സുനിതയെ ആക്രമിച്ചതെന്നാണ് പൊലീസ് പറയുന്നത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. വീട്ടിൽ ഇരുവരും തമ്മിൽ വഴക്കുണ്ടായതിന് പിന്നാലെയാണ് ആക്രമണമുണ്ടായതെന്നാണ് പ്രാഥമിക വിവരം. കത്തികൊണ്ട് സുനിതയുടെ കഴുത്തിന്റെ പിൻഭാഗത്ത് ആഴത്തിലുള്ള മുറിവേറ്റതായി പൊലീസ് അറിയിച്ചു.
വിജയ് പ്രേംകുമാർ സ്ഥിരമായി മദ്യപിച്ചെത്തി ഭാര്യയെ മർദ്ദിക്കാറുണ്ടായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച വിവരം. സംഭവത്തിൽ പാറശ്ശാല പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിച്ചു.
അതേസമയം, ഭാര്യയുമായി വാക്കേറ്റമുണ്ടായെന്നും ഇതിനിടെ ഭാര്യയുടെ മുടി മുറിക്കാൻ കത്തിയെടുത്തപ്പോൾ അബദ്ധത്തിൽ കഴുത്തിൽ മുറിവേൽക്കുകയായിരുന്നുവെന്നുമാണ് വിജയ് പ്രേംകുമാർ പൊലീസിന് നൽകിയ മൊഴി. മൊഴിയും മറ്റ് തെളിവുകളും പരിശോധിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്.




