കൊല്ലം: മാതാ അമൃതാനന്ദമയി മഠത്തിന്റെ ഈ വർഷത്തെ അമൃതകീർത്തി പുരസ്‌കാരത്തിന് മുൻ ഗവർണറും അഭിഭാഷകനും ഗ്രന്ഥകാരനുമായ അഡ്വ. പി.എസ്. ശ്രീധരൻ പിള്ള അർഹനായി. 1,23,456 രൂപയും ആർട്ടിസ്റ്റ് നമ്പൂതിരി രൂപകൽപന ചെയ്ത സരസ്വതീ ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. സെപ്തംബർ 26ന് വൈകീട്ട് കൊല്ലം അമൃതപുരിയിലെ അമൃതവിശ്വവിദ്യാപീഠം ക്യാംപസിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം സമ്മാനിക്കും.
സ്വാമി അമൃതസ്വരൂപാനന്ദ പുരി അധ്യക്ഷനായ സമിതിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്. ഡോ. കെ.എസ്. രാധാകൃഷ്ണൻ, ഡോ. എം. ലക്ഷ്മീകുമാരി, സ്വാമി തുരീയാമൃതാനന്ദ പുരി എന്നിവർ സമിതി അംഗങ്ങളായിരുന്നു.
ഭാരതീയ തത്ത്വചിന്തയിലും ആധ്യാത്മികതയിലും ശ്രീധരൻ പിള്ളയ്ക്ക് ആഴത്തിലുള്ള അറിവുണ്ടെന്ന് പുരസ്‌കാര സമിതി വിലയിരുത്തി. നിയമ-രാഷ്ട്രീയ മേഖലകളിൽ പ്രവർത്തിക്കുമ്പോഴും സാഹിത്യ-വൈജ്ഞാനിക രംഗങ്ങളിൽ അദ്ദേഹം നടത്തിയ ഇടപെടലുകളും സമിതി ചൂണ്ടിക്കാട്ടി.
കവിത, പ്രബന്ധം, നിയമം, യാത്രാവിവരണം, രാഷ്ട്രീയ വിശകലനം, ആധ്യാത്മിക-ദാർശനിക വിഷയങ്ങൾ എന്നിവയുൾപ്പെടെ വിവിധ മേഖലകളിലായി 270 പുസ്തകങ്ങൾ ശ്രീധരൻ പിള്ള രചിച്ചിട്ടുണ്ട്. ആധ്യാത്മിക, വൈജ്ഞാനിക, ശാസ്ത്ര മേഖലകളിലെ പ്രമുഖർക്ക് മാതാ അമൃതാനന്ദമയി മഠം 2001 മുതൽ അമൃതകീർത്തി പുരസ്‌കാരം നൽകി വരുന്നു.




