പാലക്കാട്: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയിൽ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. അധികാരത്തിലെത്തി നാല് മാസം മാത്രമായ നിലവിലെ സർക്കാരിന്റെ വീഴ്ചയല്ല പ്രതിസന്ധിക്ക് കാരണമെന്നും കഴിഞ്ഞ സർക്കാർ വൈദ്യുതി കരാറുകൾ റദ്ദാക്കിയതാണ് പ്രതിസന്ധിക്ക് വഴിവെച്ചതെന്നും മന്ത്രി പറഞ്ഞു.
അതേസമയം, മിനിമം മാർക്ക് സംവിധാനം ഈ അധ്യയന വർഷത്തേക്ക് മാത്രമാണ് ഒഴിവാക്കിയതെന്ന് മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ സർക്കാർ മിനിമം മാർക്ക് പരിഷ്കാരം കൊണ്ടുവരാനുള്ള നടപടികൾ ആരംഭിച്ചിരുന്നെങ്കിലും ഫയലുകൾ നീണ്ടുപോയതായും അദ്ദേഹം പറഞ്ഞു. ഒടുവിൽ ഈ വർഷം മുതൽ പരിഷ്കാരം നടപ്പാക്കാൻ തീരുമാനിക്കുകയായിരുന്നു.
എന്നാൽ, പെട്ടെന്ന് ഇത്തരമൊരു പരിഷ്കാരം നടപ്പാക്കേണ്ടതില്ലെന്നാണ് യുഡിഎഫ് സർക്കാരിന്റെ നിലപാടെന്ന് മന്ത്രി വ്യക്തമാക്കി. കൃത്യമായ പഠനം നടത്തുകയും ബന്ധപ്പെട്ടവരുമായി കൂടിയാലോചന നടത്തുകയും ചെയ്ത ശേഷമായിരിക്കും മിനിമം മാർക്ക് പരിഷ്കാരം വേണമോയെന്ന് തീരുമാനിക്കുകയെന്നും എൻ. ഷംസുദ്ദീൻ പറഞ്ഞു.



