കോട്ടയം: നെടുംകുന്നം മൃഗാശുപത്രി പണിയാൻ മൃഗസംരക്ഷണവകുപ്പ് അൻപതു ലക്ഷം രൂപ അനുവദിച്ചിട്ട് മൂന്ന് വർഷത്തോളമാകുന്നു. ഈ തുക പിഡബ്ല്യുഡിക്ക് കൈമാറിയതുമില്ല. സ്ഥലം ഉണ്ടായിട്ടും സ്വന്തമായി കെട്ടിടം പണിയാത്തത് മൂലം പതിനായിരം രൂപ വാടകയ്ക്കാണ് കോവേലിക്ക് സമീപം ഇപ്പോഴും നെടുംകുന്നം മൃഗാശുപത്രി പ്രവർത്തിക്കുന്നത്. വർഷങ്ങളായി വാടക വീടുകളിലും കെട്ടിടങ്ങളിലുമായി പ്രവർത്തിക്കുകയാണ് മൃഗാശുപത്രി. മുപ്പതു വർഷത്തോളം പഞ്ചായത്തിന് സമീപം മൈലാടി റോഡിലെ വാടക വീട്ടിലായിരുന്നു.
ഇപ്പോൾ ഈ കെട്ടിടം പൊളിച്ചതോടെ നാലാം വാർഡിലെ മറ്റൊരു വാടക വീട്ടിലേക്ക് മാറി. ഇവിടെ സൗകര്യങ്ങൾ കുറവായതിനാൽ ആറുമാസം മുൻപ് കോവേലിയിലേക്ക് മാറ്റി. എന്നാൽ നടപടി ക്രമങ്ങൾ വേഗത്തിലാക്കണമെന്ന് പഞ്ചായത്ത് മൃഗസംരക്ഷണ വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. എന്നിട്ടും നടപടിയുണ്ടായില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് രാജമ്മാ രവീന്ദ്രൻ പറഞ്ഞു.
അനുയോജ്യമായ സ്ഥലം ഇല്ലാത്തതായിരുന്നു മൃഗാശുപത്രി പണിയാനുള്ള ആദ്യ തടസ്സം. എന്നാൽ നാല് വർഷം മുൻപ് കൊഴുങ്ങാലൂർ ചിറയോട് ചേർന്നുള്ള പതിനേഴു സെന്റ് സ്ഥലം പഞ്ചായത്ത് വിട്ടു നൽകി. എസ്റ്റിമേറ്റ് പ്രകാരം ആദ്യം ഒരുകോടി രൂപയാണ് പഞ്ചായത്ത് ആവശ്യപ്പെട്ടത്.
എന്നാൽ ഇത്രയും വലിയതുക അനുവദിക്കാനില്ലെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. ഇതോടെ രണ്ടാംഘട്ടത്തിൽ അൻപതു ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് എടുത്തു. ഇതിന് അനുമതിയും കിട്ടി. കെട്ടിടം നിർമിക്കേണ്ടത് പിഡബ്ല്യുഡിയാണ്. എന്നാൽ അനുവദിച്ച തുക പിഡബ്ല്യുഡിക്ക് കിട്ടിയില്ല. ഇതോടെ നിർമാണവും നടന്നില്ല.






