പാലക്കാട്: ക്ഷേത്ര ദർശനത്തിനെത്തിയ എഴുപത്തിമൂന്നുകാരിയുടെ കഴുത്തിൽ നിന്നു സ്വർണമാല പിടിച്ചുപറിച്ചു. അമ്പലപ്പാറ ചെറുമുണ്ടശ്ശേരി നെടിയങ്കൽ ബേബി സരോത്തിൻ്റെ 3 പവനോളം തൂക്കം വരുന്ന മാലയാണു പിടിച്ചുപറിച്ചത്. പ്രതിയുടെ ഫോട്ടോ പോലീസ് പുറത്തുവിട്ടു
ബുധനാഴ്ച രാവിലെ നഗരത്തിലെ സുന്ദരയ്യർ റോഡിൽ നിന്നു ബസ് സ്റ്റാൻഡ് പരിസരത്തേക്കുള്ള റോഡ് തുടങ്ങുന്ന ഭാഗത്തായിരുന്നു പിടിച്ചുപറി. ക്ഷേത്രത്തിൽ തൊഴുതു വീട്ടിലേക്കു മടങ്ങാനായി ബസ് സ്റ്റാൻഡിലേക്കു നടന്നു പോകുന്നതിനിടെയാണ് നടന്നു വന്നയാൾ മാല പിടിച്ചുപറിച്ച് ഓടി രക്ഷപ്പെട്ടത്. ഓടിക്കൂടിയ നാട്ടുകാരും വിവരമറിഞ്ഞെത്തിയ പൊലീസും ചേർന്ന് ഏറെ നേരം തിരഞ്ഞെങ്കിലും ഫലമുണ്ടായില്ല. വീട്ടമ്മയുടെ പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങി.






