പത്തനംതിട്ട: ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ ദ്വാരപാലക ശിൽപ്പങ്ങൾക്ക് അണിയിച്ചിരുന്ന സ്വർണപ്പാളികൾ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി സന്നിധാനത്ത് തിരിച്ചെത്തിച്ചു. കോടതി അനുമതി ലഭിച്ച ശേഷം മാത്രമേ ശിൽപ്പങ്ങളിൽ വീണ്ടും സ്ഥാപിക്കുകയുള്ളു. അതുവരെ സ്വർണപ്പാളികൾ സ്ട്രോങ്ങ് റൂമിൽ സുരക്ഷിതമായി സൂക്ഷിക്കുമെന്ന് ദേവസ്വം അധികൃതർ അറിയിച്ചു.
ചെന്നൈയിലെ സ്വകാര്യ കമ്പനിയിൽ നടത്തിയ അറ്റകുറ്റപ്പണിക്കായി സ്വർണപ്പാളികൾ മാറ്റിയിരുന്നു. എന്നാൽ കോടതി അനുമതിയില്ലാതെ സ്വർണപ്പാളികൾ മാറ്റിയതാണ് വലിയ വിവാദത്തിന് കാരണമായത്. 2019-ൽ സ്ഥാപിച്ച സ്വർണപ്പാളികളുടെ ഗുണനിലവാരം സംബന്ധിച്ചും ഹൈക്കോടതി സംശയം ഉന്നയിച്ചിരുന്നുവെങ്കിലും, തുടർന്ന് വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കുകയുമുണ്ടായി.ഈ സാഹചര്യത്തിലാണ് നവീകരണം പൂർത്തിയാക്കിയ സ്വർണപ്പാളികൾ വീണ്ടും ശബരിമല സന്നിധാനത്ത് തിരിച്ചെത്തിച്ചത്.






