പാലക്കാട്: കൊല്ലങ്കോട്11 വിദ്യാർഥികൾക്ക് ഒടുവിൽ നീതി ലഭിച്ചു. പുഴയരികിലെ കുറ്റിക്കാട്ടിൽ തള്ളിയ നിലയിൽ കണ്ടെത്തിയ അപേക്ഷകളിൽ ധനസഹായം അനുവദിച്ച് പട്ടികവർഗ വകുപ്പ് ഇന്നലെ ഉത്തരവിറക്കി. 11 പേർക്കായി 45,000 രൂപ അനുവദിച്ചിട്ടുണ്ട്. എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ലഭിച്ച ഗ്രേഡ് അനുസരിച്ചുള്ള തുക അടുത്ത ദിവസങ്ങളിൽതന്നെ അക്കൗണ്ടുകളിലേക്കു നൽകുമെന്നു ജില്ലാ പട്ടികവർഗ ഓഫിസർ എം.ഷമീന പറഞ്ഞു.
കൊല്ലങ്കോട് ട്രൈബൽ എക്സ്റ്റൻഷൻ ഓഫിസിലെ ജീവനക്കാരൻ യാക്കര പുഴപ്പാലത്തിനു സമീപത്തെ കുറ്റിക്കാട്ടിൽ തള്ളിയ 13 അപേക്ഷകളിൽ 11 എണ്ണം ധനസഹായത്തിന് അർഹമാണെന്നു കണ്ടെത്തിയിരുന്നു. ഇതു സംബന്ധിച്ച വാർത്തകൾ മലയാള മനോരമയാണു പുറത്തുകൊണ്ടുവന്നത്. മുതലമട പഞ്ചായത്തിലെ ഗോത്രമേഖലയായ പറമ്പിക്കുളത്തെ കുരിയാർകുറ്റി, കടവ്, എർത്ത് ഡാം എന്നീ ഉന്നതികളിലെയും മുതലമട ചെമ്മണാംപതി, വണ്ടാഴി പഞ്ചായത്തിലെ മംഗലംഡാം എന്നിവിടങ്ങളിലെയും പട്ടികവർഗ വിദ്യാർഥികളുടെ അപേക്ഷകളായിരുന്നു ഇത്.
അപേക്ഷകളിലെ നടപടികൾ വേഗത്തിൽ പൂർത്തിയാക്കി സംസ്ഥാന പട്ടികവർഗ ഡയറക്ടറേറ്റിലേക്കു കൈമാറിയതിനെ തുടർന്നാണു ധനസഹായം അനുവദിച്ച് ഉത്തരവിറക്കിയത്. കെഎസ്ഇബി ജീവനക്കാരാണു ജോലിക്കിടെ കണ്ടെത്തിയ അപേക്ഷകൾ രക്ഷിതാക്കൾക്കു നൽകിയത്. രക്ഷിതാക്കൾ ജില്ലാ കലക്ടർക്കു കൈമാറി. തുടർന്ന് അപേക്ഷകൾ ജില്ലാ പട്ടികവർഗ ഓഫിസറുടെ മുന്നിലെത്തി.
രക്ഷിതാക്കൾ എസ്ടി പ്രമോട്ടർമാർ വഴി നൽകിയ 13 അപേക്ഷകളും കൊല്ലങ്കോട് ട്രൈബൽ എക്സ്റ്റൻഷൻ ഓഫിസിൽ ലഭിച്ചെങ്കിലും അപേക്ഷകൾ കൈകാര്യം ചെയ്യുന്ന ജീവനക്കാരൻ പരിശോധിച്ചു ജില്ലാ ഓഫിസിലേക്കു നൽകുന്നതിൽ വീഴ്ചവരുത്തിയെന്നാണു കണ്ടെത്തൽ. വീഴ്ച ശ്രദ്ധയിൽപെടാതിരിക്കാൻ അപേക്ഷകൾ കുറ്റിക്കാട്ടിൽ തള്ളുകയായിരുന്നു. താൽക്കാലിക ജീവനക്കാരനായ ഇയാളുടെ കരാർ കാലാവധി കഴിഞ്ഞതിനാൽ എന്തു നടപടി സ്വീകരിക്കുമെന്ന കാര്യത്തിൽ അവ്യക്തത തുടരുന്നു.




