ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസിൽ തർക്കങ്ങൾ രൂക്ഷമാകുന്നതിനിടെ ബി.ജെ.പി. പാർട്ടിയിൽ ചേരാൻ ലഭിച്ച ഓഫർ നിരസിച്ചെന്ന വാദവുമായി മുതിർന്ന നേതാവും രാജ്യസഭാ എംപിയുമായ സൗഗത റോയ്. മമത ബാനർജിക്കൊപ്പം നിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വാർത്താ ഏജൻസിയായ എഎൻഐയോട് സംസാരിക്കവെയാണ് റോയ് തന്റെ നിലപാട് വ്യക്തമാക്കിയത്.
മുതിർന്ന തൃണമൂൽ കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സുഖേന്ദു ശേഖർ റോയ് പാർട്ടി വിട്ടതിന് പിന്നാലെയാണ് സൗഗത റോയ്‍യുടെ പ്രതികരണം. സുഖേന്ദു റോയിയുടെ രാജി രാഷ്ട്രീയ പ്രാധാന്യമർഹിക്കുന്നതല്ലെന്നും, മത്സരിച്ചു ജയിക്കാത്ത രാജ്യസഭാ എംപിയുടെ അഭിപ്രായത്തിന് രാഷ്ട്രീയ വിലയില്ലെന്നും വ്യക്തമാക്കി.
പാർട്ടിയിലെ വിമതരെക്കുറിച്ചും അദ്ദേഹം അഭിപ്രായം പ്രകടിപ്പിച്ചു; “എംഎൽഎമാരുടെ എണ്ണത്തിൽ മാത്രം അവർക്ക് പാർട്ടി ചിഹ്നം അവകാശപ്പെടാൻ കഴിയില്ല. പിന്നിൽ ബി.ജെ.പി. ഉണ്ടെന്ന് കണ്ടാൽ സ്വതന്ത്രമായി ഒരു സീറ്റിലും വിജയിക്കാൻ കഴിയില്ല” സൗഗത റോയ് കൂട്ടിച്ചേർത്തു.
അതേസമയം, സുഖേന്ദു റോയിയുടെ രാജിക്ക് പിന്നാലെ കൂടുതൽ തൃണമൂൽ എംപിമാർ ബിജെപിയിലേക്ക് ചേർന്നേക്കുമെന്ന അഭ്യൂഹം ശക്തമാകുന്നു.ദില്ലിയിൽ 10 തൃണമൂൽ കോൺഗ്രസ് എംപിമാർ ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ബിജെപി നേതാവ് ഭൂപേന്ദർ യാദവിൻ്റെ വസതിയിലാണ് കൂടിക്കാഴ്ച നടന്നത്.




