കോഴിക്കോട്: സ്ഥാനാർഥി നിർണയത്തിൽ ലീഗിൽ യുവാക്കൾക്ക് കൂടുതൽ അവസരം നൽകണമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്. ലീഗിന് കൂടുതൽ സീറ്റുകൾക്ക് അർഹതയുണ്ടെന്നും, മുന്നണി ബന്ധങ്ങളെ ബാധിക്കാതെ ഈ ആവശ്യം യുഡിഎഫിൽ ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭ തെരഞ്ഞെടുപ്പിലും മൂന്ന് ടേം നയം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട ഫിറോസ്, സ്ഥാനാർഥി നിർണയത്തിൽ വിജയ സാധ്യത മാത്രമാകണം മുഖ്യ മാനദണ്ഡമെന്നും വ്യക്തമാക്കി. വിജയിക്കാൻ കഴിയുമെങ്കിൽ സീറ്റ് വിട്ടുകൊടുക്കുന്നതിൽ തെറ്റില്ലെന്നും, മുന്നണിയിൽ പുതിയ കക്ഷികൾ എത്തിയാൽ ലീഗും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകുമെന്നും അദ്ദേഹം പറഞ്ഞു.
ഇത്തവണ നിയമസഭയിൽ ലീഗിൽ നിന്ന് വനിതാ അംഗം ഉണ്ടാകുമെന്നും, ലീഗ് വനിതാ സ്ഥാനാർഥിയുടെ വിജയം മുന്നണി ഉറപ്പാക്കുമെന്നും പി.കെ. ഫിറോസ് കൂട്ടിച്ചേർത്തു. യുഡിഎഫിനെതിരായ വർഗീയ പ്രചാരണം മതേതര നയം മുന്നോട്ടുവച്ച് പ്രതിരോധിക്കുമെന്നും, മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം തന്നെയാണ് എ.കെ. ബാലൻ വർഗീയത ഉയർത്തുന്നതെന്നും ഫിറോസ് ആരോപിച്ചു.






