തിരുവനന്തപുരം: വീറും വാശിയുമേറിയ തിരഞ്ഞെടുപ്പിന്റെ ശബ്ദപ്രചാരണത്തിന് ആഘോഷങ്ങളോടെ സമാപനം. വലുതും ചെറുതുമായ 100-ലേറെ ജങ്ഷനുകളിലാണ് കൊടിയിറക്കിക്കൊണ്ടുള്ള കൊട്ടിക്കലാശം നടന്നത്. കല്ലമ്പലത്തുണ്ടായ സംഘർഷത്തിൽ യുഡിഎഫ് ജില്ലാപ്പഞ്ചായത്ത് സ്ഥാനാർഥി നബീൽ കല്ലമ്പലത്തിനു മർദനമേറ്റു. നെടുമങ്ങാട്, ആനാട്, പാപ്പനംകോട്, ആറ്റിങ്ങൽ പ്രദേശങ്ങളിലും നേരിയ സംഘർഷമുണ്ടായി.
തലസ്ഥാനത്തെ ശ്രദ്ധാകേന്ദ്രം പേരൂർക്കടയായിരുന്നു. ക്രെയിനിലാണ് ബിജെപി സ്ഥാനാർഥികൾ ഇവിടെ കൊട്ടിക്കലാശത്തിനെത്തിയത്. മന്ത്രി വി. ശിവൻകുട്ടിയും ജില്ലാ സെക്രട്ടറി വി. ജോയി എംഎൽഎയുമടക്കം സിപിഎമ്മിന്റെ കൊട്ടിക്കലാശത്തിനു നേതൃത്വം നൽകാൻ എത്തിയിരുന്നു. നൃത്തംചെയ്തും മുദ്രാവാക്യം വിളിച്ചും കൊടികൾ വീശിയുമെല്ലാം അവസാനനിമിഷംവരെ പ്രവർത്തകർ ആവേശത്തിലായിരുന്നു.
ആറ്റിങ്ങലിൽ എൽഡിഎഫ്-യുഡിഎഫ് പ്രവർത്തകർ തമ്മിലാണ് ഉന്തുംതള്ളുമുണ്ടായത്. നെടുമങ്ങാട്ട് പോലീസും കോൺഗ്രസ് പ്രവർത്തകരും തമ്മിലാണ് കൈയാങ്കളിയുണ്ടായത്. നഗരത്തിലേക്കു വാഹനങ്ങൾ കടത്തിവിട്ടില്ല എന്നാരോപിച്ചായിരുന്നു തർക്കം.
ആനാട്ട് സിപിഎമ്മും കോൺഗ്രസും തമ്മിലായിരുന്നു ഏറ്റുമുട്ടൽ. പാപ്പനംകോട്ട് ബിജെപിയും എൽഡിഎഫും തമ്മിലാണ് കൈയാങ്കളിയുണ്ടായത്. ശാസ്തമംഗലം ജംഗ്ഷനിലും വാശിയേറിയ കലാശക്കൊട്ടാണ് നടന്നത്.
നെയ്യാറ്റിൻകരയിൽ സംഘർഷസാധ്യത കണക്കിലെടുത്ത് മൂന്ന് മുന്നണികളെയും മൂന്നുഭാഗത്തായി വടംകെട്ടിത്തിരിച്ചാണ് കൊട്ടിക്കലാശം നടന്നത്. പാലോട്, വെഞ്ഞാറമൂട്, ആര്യനാട്, വെള്ളനാട്, കരകുളം, വർക്കല, പാറശ്ശാല, പെരുങ്കടവിള, വെടിവെച്ചാൻകോവിൽ, മാരായമുട്ടം തുടങ്ങിയ പ്രദേശങ്ങളിലെല്ലാം പ്രചാരണ സമാപനത്തിന്റെ ആവേശം നിറഞ്ഞു.
വാർഡുതലത്തിലെ പ്രചാരണസമാപനം കൊട്ടക്കലാശത്തിനുപകരം റോഡ് ഷോയാക്കിയ സ്ഥാനാർഥികളുമുണ്ട്. പ്രവർത്തകരെക്കൂട്ടി വാർഡ് മുഴുവൻ റോഡ് ഷോ നടത്തിയാണ് പലരും ശബ്ദപ്രചാരണത്തിനു സമാപനംകുറിച്ചത്. അവസാനദിവസമായ തിങ്കളാഴ്ച നിശ്ശബ്ദമായി പരമാവധി വോട്ടുകൾ പെട്ടിയിലെത്തിക്കാനുള്ള തന്ത്രത്തിലാണ് മുന്നണികൾ.






