കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ വീണ്ടും ഡ്രോൺ ആക്രമണശ്രമം നടന്നതായി അധികൃതർ അറിയിച്ചു. ഇന്ന് രാവിലെ പല ഡ്രോണുകൾ ഉപയോഗിച്ച് ആക്രമണം ലക്ഷ്യമിട്ടതായാണ് സിവിൽ ഏവിയേഷൻ ജനറൽ അതോറിറ്റി വ്യക്തമാക്കിയത്. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും ചെറിയ തോതിൽ നാശനഷ്ടം ഉണ്ടായിട്ടുണ്ട്.
പ്രതിസന്ധി ആരംഭിച്ച ശേഷം തയ്യാറാക്കിയ അടിയന്തര പദ്ധതിയുടെ അടിസ്ഥാനത്തിലാണ് സ്ഥിതിഗതികൾ നിയന്ത്രണത്തിൽ കൊണ്ടുവന്നതെന്ന് അധികൃതർ പറഞ്ഞു. ബന്ധപ്പെട്ട സർക്കാർ വകുപ്പുകളുമായി പൂർണ്ണ ഏകോപനത്തോടെ നടപടികൾ സ്വീകരിച്ചതായും സിവിൽ ഏവിയേഷൻ വക്താവ് അബ്ദുല്ല അൽ-രാജ്ഹി കുവൈത്ത് ന്യൂസ് ഏജൻസിയോട് അറിയിച്ചു. കുവൈത്തിലെ സിവിൽ ഏവിയേഷൻ മേഖലയിലെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും തുടർന്നും സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ ഡ്രോണുകൾ തടയുന്നതിനിടെ പതിച്ച അവശിഷ്ടങ്ങൾ കാരണം ആറ് ഓവർഹെഡ് വൈദ്യുതി ലൈനുകൾ താൽക്കാലികമായി പ്രവർത്തനം നിർത്തിയതായി വൈദ്യുതി, ജലം, നവീകരണ ഊർജ്ജ മന്ത്രാലയം അറിയിച്ചു. ഇതിനെ തുടർന്ന് ചില പ്രദേശങ്ങളിൽ കുറച്ച് സമയത്തേക്ക് വൈദ്യുതി മുടങ്ങിയതായും അറിയിച്ചു. എന്നാൽ സുരക്ഷാ ഏജൻസികളുമായി ചേർന്ന് പ്രവർത്തിച്ച അടിയന്തര സംഘം കേടുപാടുകൾ ഉടൻ പരിഹരിച്ച് വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചു. രാജ്യത്തെ വൈദ്യുതി-ജല വിതരണ സംവിധാനങ്ങൾ സാധാരണ നിലയിൽ തുടരുകയാണെന്നും 24 മണിക്കൂറും നിരീക്ഷണം തുടരുകയാണെന്നും മന്ത്രാലയം വ്യക്തമാക്കി.




