തിരുവനന്തപുരം: അയൽവീട്ടിൽ അതിക്രമിച്ചുകയറി വീട്ടമ്മയെ ഉപദ്രവിച്ച കേസിൽ ഒന്നര മാസമായി ഒളിവിൽക്കഴിഞ്ഞിരുന്ന പ്രതിയെ പോലീസ് സാഹസികമായി പിടികൂടി. തമ്പാനൂർ കണ്ണേറ്റുമുക്ക് സ്വദേശി അനന്തു(അച്ചു-27)വിനെയാണ് തമ്പാനൂർ എസ്എച്ച്ഒ ജിജു കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റുചെയ്തത്. ഒക്ടോബറിലാണ് ഇയാൾ അയൽവീട്ടിൽ കയറി വീട്ടമ്മയെ ഉപദ്രവിച്ചത്. ശേഷം പല സ്ഥലങ്ങളിലായി ഒളിവിൽക്കഴിഞ്ഞ പ്രതിക്കായി പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു.
ഞായറാഴ്ച പുലർച്ചെ ഒന്നരയോടെ ഇയാൾ തൈക്കാട്ടുള്ള പെൺസുഹൃത്തിന്റെ വീട്ടിൽ എത്തിയതായി രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് പോലീസ് ഇവിടെയെത്തി. ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പിന്തുടർന്നപ്പോൾ കത്തിയുപയോഗിച്ച് പോലീസ് സംഘത്തെ ആക്രമിക്കാനും ശ്രമിച്ചു.
പിന്നീട് ഇയാളെ കീഴ്‌പ്പെടുത്തുകയായിരുന്നു. കരമന പോലീസിനു നേരേ ബോംബെറിഞ്ഞ കേസിലും പൂജപ്പുര, തമ്പാനൂർ, പേട്ട, ശ്രീകാര്യം, വലിയതുറ എന്നീ സ്റ്റേഷനുകളിൽ മറ്റ് കേസുകളിലും പ്രതിയാണ് അനന്തുവെന്ന് പോലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.






