തിരുവനന്തപുരം: സംസ്ഥാനത്ത് ദേശീയപാത വികസന പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതിന് മുൻപേ നടത്തുന്ന ഉദ്ഘാടനങ്ങൾ തിരഞ്ഞെടുപ്പ് ഗിമ്മിക്കാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. കാസർകോഡ് മുതൽ തിരുവനന്തപുരം വരെയുള്ള പാതയിലെ പല ഭാഗങ്ങളിലും ഇപ്പോഴും നിർമ്മാണം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. ചില സ്ഥലങ്ങളിൽ നിർമ്മാണത്തിലെ പിഴവുകൾ കാരണം അപകടങ്ങളും സംഭവിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. പണി പൂർത്തിയാകാത്ത റോഡുകൾ വേഗത്തിൽ ഉദ്ഘാടനം ചെയ്യുന്നത് ജനങ്ങളെ പരിഹസിക്കുന്നതിനു തുല്യമാണെന്നും സതീശൻ വിമർശിച്ചു.
കേന്ദ്ര സർക്കാർ നടത്തുന്ന ഔദ്യോഗിക പരിപാടികളിൽ സംസ്ഥാന മന്ത്രിമാരെ ഒഴിവാക്കുന്നതും അദ്ദേഹം വിമർശിച്ചു. പൊതുജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ചാണ് ഇത്തരം പരിപാടികൾ നടത്തുന്നത്. അതുകൊണ്ട് തന്നെ സംസ്ഥാന മുഖ്യമന്ത്രിയെയും പൊതുമരാമത്ത് മന്ത്രിയെയും ഇത്തരം ചടങ്ങുകളിൽ ക്ഷണിക്കേണ്ടത് ജനാധിപത്യപരമായ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു.
പാലങ്ങളുടെ പില്ലർ ഇടുമ്പോഴും റോഡിന്റെ ഓരോ കിലോമീറ്റർ പൂർത്തിയാകുമ്പോഴും ഉദ്ഘാടനം നടത്തുന്നത് ജനപ്രതിനിധികളെ പരിഹാസ കഥാപാത്രങ്ങളാക്കുന്ന പ്രവണതയാണെന്നും അദ്ദേഹം പറഞ്ഞു. പാറ പൊട്ടിക്കുന്നതിനും വരെ ഉദ്ഘാടനം നടത്തുന്നത് ലോകചരിത്രത്തിൽ തന്നെ ആദ്യമായിരിക്കാമെന്നും മുഖ്യമന്ത്രിയെ ലക്ഷ്യം വച്ച് അദ്ദേഹം പരിഹസിച്ചു.
ബിജെപിയും സിപിഎമ്മും തമ്മിൽ ഉദ്ഘാടനങ്ങളെ ചൊല്ലി നടക്കുന്ന തർക്കങ്ങൾ വെറും രാഷ്ട്രീയ നാടകമാണെന്നും സതീശൻ ആരോപിച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ കാലത്ത് മെട്രോ റെയിൽ പദ്ധതി ഏകദേശം പൂർത്തിയായിരുന്നെങ്കിലും പൂർണ്ണമാകാത്തതിനാൽ അദ്ദേഹം അത് ഉദ്ഘാടനം ചെയ്തിരുന്നില്ലെന്ന് സതീശൻ ഓർമ്മിപ്പിച്ചു. എന്നാൽ ഇപ്പോൾ സർവേ നടത്തുന്നത് പോലും ഉദ്ഘാടനം ചെയ്യുന്ന സാഹചര്യമാണെന്നും ഇത്തരം പ്രചരണങ്ങൾ ജനങ്ങൾക്ക് യാതൊരു ഗുണവും ചെയ്യില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.




