തിരുവനന്തപുരം: പാലോട് കോടമഞ്ഞും കുത്തനേയുള്ള മലയും കടന്ന് അവർ നാലുപേർ കാഴ്ചമരവും താണ്ടി പൊന്മുടിയിലെത്തി. തിരഞ്ഞെടുപ്പിന്റെ അവസാന ലാപ്പിലും ഇവിടെ ശേഷിക്കുന്ന വോട്ടർമാർക്ക് വോട്ടേകാനുള്ള യന്ത്രങ്ങളുമായിട്ടാണ് ഈ നാൽവർ സംഘം മലകയറി എത്തിയത്. അസൗകര്യങ്ങളുടെ കൂമ്പാരത്തിലാണ് ജോലിയെങ്കിലും പ്രിസൈഡിങ് ഓഫീസറായ അഭിലാഷ് സൂര്യനും ഒപ്പമുള്ള ജി.സുനിൽകുമാറിനും സന്തോഷ്, രതീഷ് എന്നിവർക്കും കുളയട്ടകടിയുടെ വിഷമതകളൊന്നുമില്ലെന്ന് മുഖത്തെ പുഞ്ചിരി പറയുന്നു.
ജില്ലയിൽ ഏറ്റവും കുറവുള്ള വോട്ടർമാരെ കാണാനാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ ഇത്തവണ ഇവർക്ക് അവസരമൊരുക്കിയിരിക്കുന്നത്. പെരിങ്ങമ്മല പഞ്ചായത്തിലെ പൊന്മുടി വാർഡിൽ ആകെയുള്ളത് 656 വോട്ടർമാർ. അതിൽ 339 പേർ പുരുഷന്മാരാണ്. താമസം മാറിപ്പോയവരെയും മരണപ്പെട്ടവരെയും ഒഴിവാക്കിയാൽ നിലവിൽ വോട്ടവകാശമുള്ളത് 500-ന് താഴെ ആളുകൾക്കു മാത്രം.
കഴിഞ്ഞകാലത്തെപ്പോലെ തേയിലയുടെ കടുപ്പമുള്ള രുചി ഇപ്പോഴത്തെ രാഷ്ട്രീയത്തിനില്ല. കല്ലാർ മുതൽ 22 ഹെയർപിൻ താണ്ടിയാണ് പൊന്മുടിയിലെത്തുന്നത്. കുളച്ചീക്കരയിലും പൊന്മുടി യുപിഎസിലുമാണ് രണ്ട് ബൂത്തുകൾ നിലവിലുള്ളത്. ഇവിടെ പോളിങ് ജോലികൾക്കായി വരുന്ന ഉദ്യോഗസ്ഥർക്ക് ചില്ലറയൊന്നുമല്ല ദുരിതം. കിടക്കാൻ ഇടമില്ല, കഴിക്കാൻ ആഹാരവും. പൊന്മുടി യാത്രയ്ക്കിടയിൽ പോസ്റ്ററുകളോ കൊടിതോരണങ്ങളോ കാണാവുന്നത് കുളച്ചീക്കരയിലും കമ്പനിമുക്കിലും മാത്രമാണ്.
1995-വരെ കുളച്ചീക്കര, പൊന്മുടി എന്നീ രണ്ടുവാർഡുകളും ഒന്നായിരുന്നു. വോട്ടർമാരുടെ എണ്ണം കുറഞ്ഞതോടെ രണ്ട് വാർഡുകളും യോജിപ്പിച്ച് യോജിപ്പിച്ച് പൊന്മുടി എന്ന ഒറ്റ വാർഡാക്കി.
രണ്ട് വാർഡുകളും ഒന്നായ ആദ്യമത്സരത്തിൽ കോൺഗ്രസിലെ സുകുമാരി മനോഹരൻ 66 വോട്ടിന് സിപിഎമ്മിലെ സുചിത്രയെ തോൽപ്പിച്ചുകൊണ്ടാണ് പൊന്മുടി വാർഡിന്റെ ആദ്യത്തെ ഗ്രാമപ്പഞ്ചായത്ത് അംഗമായത്. വിതുര പഞ്ചായത്തിലെ ബോണക്കാട് ഉൾപ്പെടുന്ന തോട്ടം മേഖലയിലെ 787 വോട്ടുകളിലും ശേഷിക്കുന്നത് 500-ൽ താഴെ വോട്ടുമാത്രം.






