വയനാട്: തിരുനെല്ലി ക്ഷേത്രത്തിലെ മാല കവർച്ച കേസിൽ മൂന്ന് സ്ത്രീകൾ കൂടി പൊലീസ് പിടിയിൽ. തമിഴ്നാട് സ്വദേശികളായ മൂന്ന് പേരെയാണ് കർണാടകയിലെ മൽപെ ബീച്ചിൽ നിന്ന് വയനാട് പൊലീസ് കസ്റ്റഡിയിലെടുത്തത്.
സേലം അമ്മപ്പേട്ട് സ്വദേശികളായ വള്ളിയമ്മ എന്ന ബിന്ദു (47), ദേവി എന്ന തിലോത്തമ (53), മധുര മുത്തുപ്പട്ടി സ്വദേശിനി പൊന്നി (39) എന്നിവരാണ് പിടിയിലായത്. കേരളം, തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന പിടിച്ചുപറി സംഘത്തിലെ അംഗങ്ങളാണ് ഇവരെന്ന് പൊലീസ് അറിയിച്ചു.
തിരുനെല്ലി ക്ഷേത്രത്തിൽ കർക്കിടക വാവുബലിക്കെത്തിയ സ്ത്രീയുടെ സ്വർണമാല കവർന്ന കേസിലാണ് നടപടി. ഇതോടെ ജില്ലയിൽ മാല കവർച്ച കേസിൽ പിടിയിലായവരുടെ എണ്ണം പത്തായി. ഓഗസ്റ്റ് 12ന് രാവിലെയാണ് അന്നദാന മണ്ഡപത്തിൽ നിന്ന് സ്ത്രീയുടെ ഒന്നേമുക്കാൽ പവൻ സ്വർണമാല കവർന്നത്. സംഭവത്തിന് പിന്നാലെ പൊലീസ് സ്ഥലത്തെയും സമീപ പ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണം ആരംഭിച്ചു.
കവർച്ചാ സംഘം ജില്ലയിൽ സഞ്ചരിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്ന് പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും സാമൂഹ്യമാധ്യമങ്ങളിലൂടെ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൂന്ന് സ്ത്രീകളെ കൂടി കസ്റ്റഡിയിലെടുത്തത്.
വയനാട് ജില്ലാ പൊലീസ് മേധാവി ദേവമനോഹർ ഐപിഎസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.


