തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അൽപശി ഉത്സവത്തോടനുബന്ധിച്ചുള്ള ആറാട്ട് ഘോഷയാത്ര നടക്കുന്നതിനാൽ ചൊവ്വാഴ്ച തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും. വൈകുന്നേരം നാല് മുതൽ രാത്രി ഒൻപത് വരെയാണ് വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കുക. യാത്രക്കാർ പുതുക്കിയ സമയക്രമം അറിയാൻ അതത് വിമാനക്കമ്പനികളുമായി ബന്ധപ്പെടണമെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു.
ഒക്ടോബർ–നവംബർ മാസങ്ങളിൽ നടക്കുന്ന അൽപശി ആറാട്ടിനും മാർച്ച്–ഏപ്രിൽ മാസങ്ങളിലെ പൈങ്കുനി ആറാട്ടിനുമാണ് വിമാനത്താവളത്തിന്റെ പ്രവർത്തനം നിശ്ചിത സമയത്തേക്ക് നിർത്തിവയ്ക്കുന്നത്. അൽപശി ഉത്സവത്തിന്റെ ഭാഗമായി ശ്രീപത്മനാഭസ്വാമിയുടെയും ഉപദേവന്മാരുടെയും വിഗ്രഹങ്ങൾ ശംഖുമുഖം കടലിൽ ആറാട്ടിന് കൊണ്ടുപോകും. ആറാട്ടിനുശേഷം ഘോഷയാത്ര ക്ഷേത്രത്തിൽ തിരിച്ചെത്തുന്നതോടെ പത്തുദിവസം നീണ്ടുനിൽക്കുന്ന അൽപശി ഉത്സവത്തിന് സമാപനമാകും. വിമാനത്താവളത്തിനുള്ളിലൂടെയാണ് ഘോഷയാത്ര കടന്നുപോകുന്നത്.
1932ൽ അന്നത്തെ തിരുവിതാംകൂർ രാജാവായിരുന്ന ചിത്തിരതിരുനാളിന്റെ നേതൃത്വത്തിലാണ് ശംഖുമുഖത്തിന് സമീപം തിരുവനന്തപുരം വിമാനത്താവളം സ്ഥാപിച്ചത്. അതിനുമുമ്പുതന്നെ ശ്രീപത്മനാഭസ്വാമിയുടെ ആറാട്ട് എഴുന്നള്ളത്തിനായി നിശ്ചിത പാത നിലവിലുണ്ടായിരുന്നു. പിന്നീട് വിമാനത്താവളത്തിന്റെ റൺവേ നിർമിച്ചത് ഈ പാത കടന്നുപോയിരുന്ന സ്ഥലത്താണ്.
ശ്രീപത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്രയ്ക്കായി ഈ പാത നിലനിർത്തണമെന്ന് രാജാവ് നിർദേശിച്ചിരുന്നു. ഇതുസംബന്ധിച്ച് അന്നത്തെ കേന്ദ്ര സർക്കാരുമായി കരാറും ഉണ്ടാക്കിയിരുന്നു. ഈ വ്യവസ്ഥയാണ് ഇന്നും തുടരുന്നത്.


