തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരാൾ കൂടി മരിച്ചു. മുതുതല കോഴിക്കോട്ടിരി കുളിക്കാം വളപ്പിൽ പ്രവീൺ (45) ആണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഇയാൾ തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ശസ്ത്രക്രിയയ്ക്ക് പിന്നാലെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
90 ശതമാനം പൊള്ളലേറ്റ നിലയിലായിരുന്ന പ്രവീണിന് ആന്തരിക രക്തസ്രാവവും ഉണ്ടായിരുന്നുവെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം 14 ആയി ഉയർന്നു. മൃതദേഹം ഉടൻ മോർച്ചറിയിലേക്ക് മാറ്റും.




