തൃശ്ശൂർ: തൃശ്ശൂർ കോർപറേഷനിലെ എൽഡിഎഫ് കൗൺസിലർ ഷീബ ബാബു ബിജെപിയിൽ ചേർന്നു. നീണ്ട 15 വർഷമായി കോർപറേഷൻ കൗൺസിലറായി പ്രവർത്തിക്കുന്ന ഷീബ ബാബു, ജെഡിഎസിൽ നിന്ന് രാജിവെച്ചാണ് ബിജെപിയിലേക്ക് ചേർന്നത്.
ബിജെപിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ ഷീബ ബാബുവിനെ തദ്ദേശ തിരഞ്ഞെടുപ്പിൽ കൃഷ്‌ണപുരം ഡിവിഷനിൽ നിന്ന് എൻഡിഎ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. മുന്നണിയിൽ നേരിട്ട കടുത്ത അവഗണനയാണ് പാർട്ടി വിടാനുള്ള പ്രധാന കാരണം എന്ന് അവർ വ്യക്തമാക്കി.
കോർപറേഷനിലെ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷനും സിപിഎം നേതാവുമായ വർഗീസ് കണ്ടംകുളത്തിയുടെ നേതൃത്വത്തിൽ ജനങ്ങൾക്ക് ലഭിക്കേണ്ട ഫണ്ടുകൾ തടഞ്ഞുവച്ചുവെന്നും, തങ്ങളെ “ഒന്നിനും കൊള്ളാത്ത കൗൺസിലറായി മാറ്റാനുള്ള ശ്രമം” മുന്നണിയിൽ നിന്നുണ്ടായെന്നും ഷീബ ബാബു ആരോപിച്ചു.
“ജനങ്ങളെ നേരിട്ട് സേവിക്കാനാണ് ഈ തീരുമാനം. എൻഡിഎയുടെ പിന്തുണ ലഭിച്ചതിൽ സന്തോഷമുണ്ട്,” എന്നും പറഞ്ഞു. മൂന്ന് തവണ എൽഡിഎഫ് സ്ഥാനാർത്ഥിയായി വിജയിച്ച ഷീബ ബാബു ഇപ്പോൾ എൻഡിഎയുടെ മുഖ്യ സ്ഥാനാർത്ഥിയായി രംഗത്തെത്തുകയാണ്.










