തൃശൂർ: കോടശ്ശേരി പഞ്ചായത്തിലെ ചായ്പൻകുഴി സർക്കാർ യു.പി സ്കൂൾ കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നുവീണു. ഓപ്പൺ സ്റ്റേജും കെട്ടിടത്തിന്റെ ഒരു ഭാഗവും പൂർണമായി തകർന്നിട്ടുണ്ട്. ഇന്ന് ശ്രീകൃഷ്ണ ജയന്തി പ്രമാണിച്ച് അവധിയായതിനാൽ സ്കൂളിൽ വിദ്യാർഥികളും അധ്യാപകരും ഇല്ലാതിരുന്നത് വൻ ദുരന്തം ഒഴിവാക്കി.
മലയോര ഹൈവേ നിർമാണത്തിനായി റോഡ് പൊളിച്ച ഭാഗത്തോട് ചേർന്നുള്ള മതിലാണ് ആദ്യം ഇടിഞ്ഞുവീണത്. പിന്നാലെയാണ് ക്ലാസുകൾ നടത്താൻ ഉപയോഗിച്ചിരുന്ന കെട്ടിടത്തിന്റെ ഭാഗവും തകർന്നത്.
സ്കൂൾ പ്രവർത്തിച്ചിരുന്ന സമയത്താണ് കെട്ടിടം തകർന്നിരുന്നതെങ്കിൽ വലിയ അപകടത്തിന് സാധ്യതയുണ്ടായിരുന്നു. സംഭവത്തിൽ ആളപായമില്ല. കെട്ടിടം തകർന്നതിന്റെ പശ്ചാത്തലത്തിൽ അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തും.


