കർണാടകയിൽ തഗ് ലൈഫ് ചിത്രത്തിന്റെ പ്രൊമോഷനെത്തിയ കമലഹാസൻ കന്നഡ ഭാഷയുടെ ഉത്ഭവത്തെക്കുറിച്ച് നടത്തിയ പരാമർശങ്ങൾക്കെതിരെ കോടതി അദ്ദേഹത്തെ രൂക്ഷമായി വിമർശിച്ചിരുന്നു . ഇപ്പോഴിതാ ഈ വിമർശനങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് കമൽ ഹാസൻ . ഇതിന്റെ ഭാഗമായി തന്റെ പുതിയ ചിത്രം തഗ് ലൈഫ് കർണാടകയിൽ ഇപ്പോൾ പ്രദർശിപ്പിക്കേണ്ടതില്ലെന്ന് തീരുമാനിച്ചതായി അദ്ദേഹത്തിന്റെ അഭിഭാഷകൻ കർണാടക ഹൈക്കോടതിയെ അറിയിച്ചിരിക്കുകയാണ് .
അതേസമയം കന്നഡ ഭാഷയോടും ജനങ്ങളോടുമുള്ള തന്റെ ആദരവിന്റെ ആത്മാർത്ഥമായ പ്രകടനമാണ് അടങ്ങിയിട്ടുള്ളതെന്ന് പറഞ്ഞുകൊണ്ട് കെ.എഫ്.സി.സിക്ക് അയച്ച കത്തും അഭിഭാഷകൻ ഹാജരാക്കി. കമലഹാസന്റെ വരാനിരിക്കുന്ന ചിത്രമായ തഗ് ലൈഫ് കർണാടകയിൽ റിലീസ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ നിർമ്മാണ കമ്പനിയായ രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതി താരത്തിനെതിരെ രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ചത് . അതേസമയം വാദം കേൾക്കുന്നത് കർണാടക ഹൈക്കോടതി ജൂൺ 10 ലേക്ക് മാറ്റി.






