തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് തുലാവർഷം ആരംഭിച്ചേക്കുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ടും എട്ട് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലേർട്ടും നിലവിലുണ്ട്.
വരും ദിവസങ്ങളിലും സംസ്ഥാനത്ത് മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. നാളെ പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ശനിയാഴ്ച നാല് ജില്ലകളിലും ഞായറാഴ്ച മൂന്ന് ജില്ലകളിലും യെല്ലോ അലേർട്ട് ഉണ്ടായിരിക്കും. ഇടിമിന്നലോടു കൂടിയ മഴയ്ക്കാണ് സാധ്യത.
ഇടിമിന്നൽ മനുഷ്യരുടെയും മൃഗങ്ങളുടെയും ജീവന് ഭീഷണിയാകുന്നതിനൊപ്പം വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുതോപകരണങ്ങൾക്കും നാശനഷ്ടമുണ്ടാക്കാം. അതിനാൽ കാർമേഘങ്ങൾ കണ്ടുതുടങ്ങുന്ന സമയം മുതൽ തന്നെ പൊതുജനങ്ങൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അധികൃതർ നിർദേശിക്കുന്നു. ഇടിമിന്നൽ എല്ലായ്പ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ജാഗ്രത കൈവിടരുത്.
ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടാൽ ഉടൻ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണം. തുറസായ സ്ഥലങ്ങളിൽ തുടരുന്നതും മരച്ചുവട്ടിൽ നിൽക്കുന്നതും ഒഴിവാക്കണം. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളപ്പോൾ ജനലുകളും വാതിലുകളും അടച്ചിടുകയും അവയ്ക്ക് സമീപം നിൽക്കാതിരിക്കുകയും വേണം.
ഇടിമിന്നലുള്ള സമയത്ത് ഗൃഹോപകരണങ്ങളുടെ വൈദ്യുതിബന്ധം വിച്ഛേദിക്കുന്നത് സുരക്ഷിതമാണ്. വൈദ്യുതോപകരണങ്ങളുമായുള്ള സമ്പർക്കവും ലാൻഡ്ഫോൺ ഉപയോഗവും ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിൽ പ്രശ്നമില്ലെങ്കിലും ചാർജിങ്ങിൽ ഇട്ടിരിക്കുന്ന ഫോണുകൾ ഉപയോഗിക്കരുത്. ഇടിമിന്നൽ സമയത്ത് കുളിക്കുന്നതും ടാപ്പുകളിൽനിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കണം.
അന്തരീക്ഷം മേഘാവൃതമായിരിക്കുമ്പോൾ കുട്ടികൾ ഉൾപ്പെടെയുള്ളവർ തുറസായ സ്ഥലങ്ങളിലും ടെറസുകളിലും കളിക്കുന്നത് ഒഴിവാക്കണം. മഴക്കാറ് കണ്ടാൽ തുണികൾ എടുക്കാൻ ടെറസിലേക്കോ മുറ്റത്തേക്കോ പോകരുത്. കാറ്റിൽ മറിഞ്ഞുവീഴാൻ സാധ്യതയുള്ള വസ്തുക്കൾ സുരക്ഷിതമായി കെട്ടിവയ്ക്കുകയും വേണം.
ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനുള്ളിൽ തന്നെ തുടരുകയും കൈകാലുകൾ പുറത്തിടാതിരിക്കുകയും വേണം. സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഒഴിവാക്കി സുരക്ഷിതമായ കെട്ടിടത്തിൽ അഭയം തേടണം. മരച്ചുവട്ടിൽ വാഹനങ്ങൾ പാർക്ക് ചെയ്യരുത്.
മത്സ്യബന്ധനം, ബോട്ടിങ്, നീന്തൽ തുടങ്ങിയ ജലാശയങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും ഇടിമിന്നൽ സമയത്ത് ഒഴിവാക്കണം. കാർമേഘങ്ങൾ കണ്ടുതുടങ്ങുമ്പോൾ തന്നെ മത്സ്യബന്ധനം നിർത്തി സുരക്ഷിതമായ കരയിലേക്ക് മടങ്ങണം. ബോട്ടിന്റെ ഡെക്കിൽ നിൽക്കുന്നതും ചൂണ്ടയിടുന്നതും വലയെറിയുന്നതും ഒഴിവാക്കണം. പട്ടം പറത്തുന്നതും ഉയർന്ന സ്ഥലങ്ങളിൽ ഇരിക്കുന്നതും അപകടകരമാണ്.
വളർത്തുമൃഗങ്ങളെ തുറസായ സ്ഥലങ്ങളിൽ കെട്ടിയിടരുത്. ഇടിമിന്നൽ ആരംഭിക്കുന്ന സമയത്ത് അവയെ മാറ്റിക്കെട്ടാൻ പുറത്തേക്ക് പോകുന്നതും അപകടസാധ്യത വർധിപ്പിക്കും.
സുരക്ഷിതമായ കെട്ടിടത്തിലേക്ക് മാറാൻ കഴിയാത്തവിധം തുറസായ സ്ഥലത്ത് അകപ്പെട്ടാൽ കാലുകൾ ചേർത്തുവച്ച് തല കാൽമുട്ടുകൾക്കിടയിൽ ഒതുക്കി താഴ്ന്ന നിലയിൽ ഇരിക്കണം. കെട്ടിടങ്ങളിൽ മിന്നൽരക്ഷാ ചാലകങ്ങൾ സ്ഥാപിക്കുന്നതും വൈദ്യുതോപകരണങ്ങൾക്ക് സർജ് പ്രൊട്ടക്ടറുകൾ ഘടിപ്പിക്കുന്നതും സുരക്ഷയ്ക്ക് സഹായകരമാണ്.
ഇടിമിന്നലേറ്റാൽ പൊള്ളൽ, കാഴ്ചയിലോ കേൾവിയിലോ തകരാറുകൾ, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ എന്നിവ ഉണ്ടാകാം. മിന്നലേറ്റ വ്യക്തിയുടെ ശരീരത്തിൽ വൈദ്യുതി നിലനിൽക്കുന്നില്ലെന്നതിനാൽ സുരക്ഷിതമായി സമീപിച്ച് ഉടൻ പ്രഥമശുശ്രൂഷ നൽകാം. അടിയന്തര വൈദ്യസഹായം ലഭ്യമാക്കുകയും വേണം. മിന്നലേറ്റതിന് ശേഷമുള്ള ആദ്യ നിമിഷങ്ങൾ ജീവൻ രക്ഷിക്കുന്നതിൽ നിർണായകമാണ്.
മഴയും ഇടിമിന്നലും ശക്തമാകാൻ സാധ്യതയുള്ള സാഹചര്യത്തിൽ പൊതുജനങ്ങൾ കാലാവസ്ഥാ മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും സുരക്ഷാനിർദേശങ്ങൾ കർശനമായി പാലിക്കുകയും വേണം.




