തൃശൂർ: വലപ്പാട് ബീച്ചിൽ ഭാര്യയെയും നാലര വയസ്സുള്ള മകനെയും കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി സ്വയം കഴുത്തറുത്തതിനെ തുടർന്ന് ഗുരുതരാവസ്ഥയിൽ. തെക്കിനിയേടത്ത് വിജേഷിനെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച പുലർച്ചെയാണ് വിജേഷ് ഭാര്യ വിസ്മയയെയും മകൻ ദക്ഷിനെയും കൊലപ്പെടുത്തിയത്.
വലപ്പാട് ബീച്ചിൽ ജിഡിഎംഎൽപി സ്കൂളിന് പടിഞ്ഞാറുവശത്താണ് നാടിനെ നടുക്കിയ സംഭവം നടന്നത്. വിസ്മയ (24), മകൻ ദക്ഷ് എന്നിവരാണ് കൊല്ലപ്പെട്ടത്. പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം.
കരച്ചിൽ കേട്ട് സഹോദരൻ വാതിൽ തള്ളിത്തുറന്നപ്പോൾ ഗുരുതരമായി പരിക്കേറ്റ വിസ്മയ പുറത്തേക്ക് ഓടിയെത്തുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇതിനിടെ മുറിയുടെ വാതിലടച്ച വിജേഷ് മകനെയും കൊലപ്പെടുത്തുകയായിരുന്നു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വലപ്പാട് പൊലീസാണ് വിജേഷിനെയും ദക്ഷിനെയും ആശുപത്രിയിലെത്തിച്ചത്. എന്നാൽ അപ്പോഴേക്കും ദക്ഷ് മരിച്ചിരുന്നു. പിന്നീട് വിജേഷ് സ്വയം കഴുത്തറുത്തതിനെ തുടർന്ന് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
വിസ്മയയുടെയും ദക്ഷിന്റെയും മൃതദേഹങ്ങൾ ഏങ്ങണ്ടിയൂർ എം.ഐ. ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ചെറിയ കത്തി ഉപയോഗിച്ചാണ് കൊലപാതകം നടത്തിയതെന്നാണ് പ്രാഥമിക വിവരം. കൊടുങ്ങല്ലൂർ ഡിവൈഎസ്പി ആർ. രതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.




