പാലക്കാട്: പാലക്കാട് പട്ടാമ്പി തിരുവേഗപ്പുറ പപ്പടപ്പടിയിൽ കുളത്തിൽ മുങ്ങി രണ്ട് കുരുന്നുകൾ മരിച്ചു. കാരക്കൂത്ത് വീട്ടിൽ ശിഹാബ് മുസ്ലിയാരുടെ മകൾ ഫാത്തിമ സഹറ (5), ശിഹാബിന്റെ സഹോദരൻ ഷൗക്കത്തിന്റെ മകൻ മുഹമ്മദ് ഹനാൻ (രണ്ടര) എന്നിവരാണ് മരിച്ചത്.
ഇന്നലെ വൈകിട്ടായിരുന്നു അപകടം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടികളെ കുറച്ചുസമയത്തിന് ശേഷം കാണാതാവുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിൽ വീടിന് 50 മീറ്റർ അകലെയുള്ള കുളത്തിൽ നിന്ന് കുട്ടികളെ കണ്ടെത്തി.
ഉടൻ തന്നെ കുട്ടികളെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഫാത്തിമ സഹറയുടെ ജീവൻ രക്ഷിക്കാനായില്ല. ഗുരുതരാവസ്ഥയിലായിരുന്ന മുഹമ്മദ് ഹനാനെ വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ഇന്ന് രാവിലെയോടെ മരിച്ചു.




