കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരിക്ക് ആശ്വാസമായി ഹൈക്കോടതി വിധി. കേസിൽ കോട്ടയം വിജിലൻസ് കോടതി വിധിച്ച നാല് വർഷത്തെ തടവുശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു. അപ്പീൽ തീർപ്പാകുന്നതുവരെ ശിക്ഷ മരവിപ്പിക്കണമെന്ന തച്ചങ്കരിയുടെ ഇടക്കാല ആവശ്യം പരിഗണിച്ചാണ് കോടതിയുടെ നടപടി. ഇതോടെ മറ്റ് നിയമതടസ്സങ്ങളില്ലെങ്കിൽ തച്ചങ്കരിക്ക് ജയിൽ മോചിതനാകാൻ വഴിയൊരുങ്ങും.
2003 മുതൽ 2007 വരെയുള്ള കാലയളവിൽ ഔദ്യോഗിക പദവിയിലിരിക്കെ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന കേസിലാണ് കോട്ടയം വിജിലൻസ് കോടതി ടോമിൻ ജെ. തച്ചങ്കരിയെ ശിക്ഷിച്ചത്. നാല് വർഷം തടവും 30.84 ലക്ഷം രൂപ പിഴയുമായിരുന്നു ശിക്ഷ.
സ്വത്ത് മാതാവിൽനിന്ന് ലഭിച്ചതാണെന്നും ഇക്കാര്യം വിജിലൻസ് കോടതി പരിഗണിച്ചില്ലെന്നുമാണ് തച്ചങ്കരിയുടെ വാദം. ഈ വാദങ്ങൾ ഉൾപ്പെടെ പരിഗണിച്ചാണ് ശിക്ഷ മരവിപ്പിക്കണമെന്ന ഇടക്കാല ഹർജിയിൽ ഹൈക്കോടതി തീരുമാനമെടുത്തത്.
വിജിലൻസ് നടത്തിയ പരിശോധനയിൽ 64.70 ലക്ഷം രൂപയുടെ ചെലവ് കണ്ടെത്തിയിരുന്നെങ്കിലും അതിനുള്ള വരുമാനസ്രോതസ്സ് ബോധ്യപ്പെടുത്താൻ തച്ചങ്കരിക്ക് കഴിഞ്ഞിരുന്നില്ലെന്നാണ് കേസ് രേഖകളിലെ കണ്ടെത്തൽ.
കേസിൽ ആഭ്യന്തരവകുപ്പ് മുൻ ജോയിന്റ് സെക്രട്ടറി ഉൾപ്പെടെയുള്ളവരെ പ്രോസിക്യൂഷൻ സാക്ഷികളായി വിസ്തരിച്ചിരുന്നു. മുൻ അഡീഷണൽ ചീഫ് സെക്രട്ടറി, മുൻ അഡീഷണൽ ഡിജിപി, ആദായനികുതി ഉദ്യോഗസ്ഥർ തുടങ്ങിയവരെ പ്രതിഭാഗം സാക്ഷികളായും വിസ്തരിച്ചു.
മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ച കേസ് പിന്നീട് കോട്ടയം വിജിലൻസ് കോടതിയിലേക്ക് മാറ്റുകയായിരുന്നു. കേസിലെ അപ്പീൽ നടപടികൾ തുടരുന്നതിനിടെയാണ് തച്ചങ്കരിക്ക് ആശ്വാസമായി ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് വന്നിരിക്കുന്നത്.




