കേരളത്തിൽ ജനിച്ച ഒരാൾ അമേരിക്കയിലെ രണ്ടാമത്തെ വലിയ നഗരമായ ലോസ് ഏഞ്ചൽസിലെ മേയർ ആകുന്നത് ഒന്ന് ആലോചിച്ച് നോക്കൂ. മേയർ തെരഞ്ഞെടുപ്പിൽ, മുൻ രാഷ്ട്രീയ സഖ്യകക്ഷിയും നിലവിലെ മേയറുമായ കാരൻ ബാസിനെതിരെ കേരളത്തിൽ ജനിച്ച നിത്യ രാമൻ ലീഡ് നിലനിർത്തുന്നതായുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. തീപാറിയ ടെലിവിഷൻ സംവാദത്തിന് ശേഷമാണ് നിത്യ രാമൻ ഈ മുന്നേറ്റം കാഴ്ചവെച്ചത്. ഡെമോക്രാറ്റ് പാർട്ടി അംഗങ്ങളായ കാരൻ ബാസും നിത്യ രാമനും ചൊവ്വാഴ്ച വൈകിട്ട് നടന്ന സംവാദത്തിൽ ഭവനരഹിതരുടെ പ്രതിസന്ധി, പൊതു സുരക്ഷ തുടങ്ങിയ നിർണ്ണായക വിഷയങ്ങളാണ് പ്രധാനമായും ചർച്ച ചെയ്തത്. നവംബർ 3ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ ലോസ് ഏഞ്ചൽസിന്റെ ആദ്യ ഇന്ത്യൻ-അമേരിക്കൻ മേയർ എന്ന ചരിത്രനേട്ടം നിത്യ രാമന് സ്വന്തമാക്കാൻ സാധിക്കും.
ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിൽ അംഗമായ നിത്യ രാമൻ ആറ് വർഷമായി സിറ്റി കൗൺസിൽ അംഗമായി സേവനമനുഷ്ഠിച്ചു വരികയാണ്. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിക്കുന്നതിന് മുൻപ് കാരൻ ബാസിന്റെ പുനർതിരഞ്ഞെടുപ്പിനെ പിന്തുണച്ചിരുന്ന നിത്യ രാമൻ, കഴിഞ്ഞ വർഷം ജനുവരിയിൽ നഗരത്തിലുണ്ടായ വലിയ തീപിടിത്തത്തിന്റെ സമയത്ത് മേയർ സ്ഥലത്തില്ലാതിരുന്നതിനെതിരെ രൂക്ഷവിമർശനമാണ് ഉന്നയിച്ചത്.
ഒരു മണിക്കൂർ നീണ്ട സംവാദത്തിനിടെ, നിത്യ രാമൻ തീരുമാനങ്ങൾ എടുക്കാൻ കഴിയാത്തയാളും ഉയർന്ന പദവിക്ക് അനുയോജ്യയല്ലെന്നും കാരൻ ബാസ് ആരോപിക്കുകയുണ്ടായി. എന്നാൽ, ലോസ് ഏഞ്ചൽസിന് കൂടുതൽ തകർച്ചയോ ഭരണനിർവ്വഹണത്തിലെ വീഴ്ചകളോ ഇനി താങ്ങാൻ കഴിയില്ലെന്ന് നിത്യ രാമൻ ശക്തമായി തിരിച്ചടിച്ചു. നാല് വർഷം മുമ്പുള്ളതിനേക്കാൾ മികച്ച നിലയിലാണോ നിങ്ങൾ ഇന്നുള്ളതെന്ന് 1980ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് സംവാദത്തിൽ പ്രസിഡന്റ് റൊണാൾഡ് റീഗൻ ഉപയോഗിച്ച പ്രസിദ്ധ വാചകം ഉദ്ധരിച്ചുകൊണ്ട് നിത്യ രാമൻ വോട്ടർമാരോട് സംശയമുന്നയിച്ചു.
കോടിക്കണക്കിന് ഡോളർ ചെലവഴിച്ചിട്ടും ലോസ് ഏഞ്ചൽസിൽ ഭവനരഹിതരുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യം അവർ ചൂണ്ടിക്കാണിക്കുകയും, തനിക്ക് നൽകുന്ന വോട്ട് ആളുകൾക്ക് വീണ്ടും തങ്ങളുടെ സ്വപ്നം കെട്ടിപ്പടുക്കാൻ കഴിയുന്ന ഒരു നഗരം നിർമിക്കാൻ സഹായിക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തു. താൻ മേയർ ആയാൽ, മേയർ എവിടെയെന്ന് അന്വേഷിക്കേണ്ടി വരില്ലെന്നും എല്ലായ്പ്പോഴും മുൻനിരയിൽ ഉണ്ടാകുമെന്നും അവർ കൂട്ടിച്ചേർത്തു.
ലോസ് ഏഞ്ജലീസിലെ ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ്സ് ഓഫ് അമേരിക്കയുടെ പിന്തുണ നിത്യ രാമനുണ്ട്, അവർ അതിന്റെ ദീർഘകാല അംഗവുമാണ്. തിരഞ്ഞെടുപ്പിന് മുന്നോടിയായി നഗരത്തിലുടനീളം വീടുകൾ തോറും കയറിയിറങ്ങി വോട്ടർമാരെ കാണുന്നുണ്ട് അവരുടെ വലിയൊരു സന്നദ്ധപ്രവർത്തകരുടെ ശൃംഖല.
1981 ജൂലൈ 28ന് കേരളത്തിലെ തമിഴ് അയ്യർ കുടുംബത്തിൽ ജനിച്ച നിത്യ രാമൻ, ആറാം വയസ്സിലാണ് ലൂസിയാനയിലേക്ക് കുടിയേറിയത്. മികച്ച വിദ്യാഭ്യാസ പശ്ചാത്തലമുള്ള അവർ ഹാർവാഡ് സർവകലാശാലയിൽ നിന്ന് പൊളിറ്റിക്കൽ തിയറിയിൽ ബിരുദവും തുടർന്ന് എംഐടിയിൽ നിന്ന് അർബൻ പ്ലാനിങ്ങിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്. സംവാദത്തിന് മുന്നോടിയായി, യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയയുടെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഗവൺമെന്റൽ സ്റ്റഡീസ് നടത്തിയ സർവേയിൽ കാരൻ ബാസിനേക്കാൾ 11 വോട്ടിന്റെ മുൻതൂക്കം നിത്യ രാമന് ലഭിച്ചിരുന്നു. സെപ്റ്റംബർ 15നും 20നും ഇടയിൽ നടത്തിയ സർവേയിൽ 39 ശതമാനം വോട്ടർമാർ ലോസ് ഏഞ്ചൽസ് മേയർ സ്ഥാനത്തേക്ക് നിത്യ രാമനെ പിന്തുണച്ചപ്പോൾ, 28 ശതമാനം പേർ മാത്രമാണ് കാരൻ ബാസിനെ പിന്തുണച്ചത്. ഏകദേശം മൂന്നിലൊന്ന് വോട്ടർമാർ ആർക്ക് വോട്ട് ചെയ്യണമെന്നതിൽ അന്ന് അന്തിമ തീരുമാനം എടുത്തിരുന്നില്ല.




