തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസത്തേക്ക് മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു. നിലവിൽ ജില്ലകളിൽ യാതൊരു അലർട്ടും പ്രഖ്യാപിച്ചിട്ടില്ല.
ഇടിമിന്നൽ അതീവ അപകടകരമാണെന്നും മനുഷ്യരുടെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ സംവിധാനങ്ങൾക്കും വലിയ നാശനഷ്ടം ഉണ്ടാക്കാമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വൈദ്യുത ഉപകരണങ്ങൾക്കും ഇടിമിന്നൽ ഭീഷണിയാകാമെന്ന് മുന്നറിയിപ്പിൽ പറയുന്നു. കാർമേഘം കാണുന്ന സമയം മുതൽ തന്നെ മുൻകരുതൽ സ്വീകരിക്കണമെന്ന് അധികൃതർ പൊതുജനങ്ങളെ അഭ്യർത്ഥിച്ചു. ഇടിമിന്നൽ എല്ലായ്പ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ സുരക്ഷാ നിർദേശങ്ങൾ അവഗണിക്കരുതെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.




