ആലപ്പുഴ: ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ രക്ഷാപ്രവർത്തനത്തിനായി പാഞ്ഞുപോയ അഗ്നിരക്ഷാസേനാ വാഹനത്തിന് വഴിമുടക്കി കാർ യാത്രക്കാരൻ. തുറവൂർ താലൂക്ക് ആശുപത്രിയിലെ തീ അണയ്ക്കാൻ പുറപ്പെട്ട ആലപ്പുഴ യൂണിറ്റിന്റെ അഗ്നിരക്ഷാവാഹനത്തിനാണ് യാത്രയ്ക്കിടെ തടസ്സം നേരിടേണ്ടി വന്നത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ചൊവ്വാഴ്ച രാവിലെ പത്തുമണിയോടെയാണ് തുറവൂർ താലൂക്ക് ആശുപത്രിയിലെ മരുന്ന് സംഭരണ കെട്ടിടത്തിൽ വൻ തീപിടിത്തം ഉണ്ടായത്. വിവരം ലഭിച്ചതോടെ ആലപ്പുഴയിൽ നിന്നുള്ള അഗ്നിരക്ഷാസേന സ്ഥലത്തേക്ക് തിരിച്ചു. എന്നാൽ വഴിമധ്യേ കെഎൽ 32 വി 7934 നമ്പറിലുള്ള കാർ ഏറെ ദൂരം അഗ്നിരക്ഷാസേനാ വാഹനത്തിന് വഴിയൊരുക്കാതെ മുന്നേറുകയായിരുന്നു.
സൈറൺ മുഴക്കിയും നിരന്തരം ഹോൺ മുഴക്കിയും മുന്നറിയിപ്പ് നൽകിയിട്ടും കാർ ഡ്രൈവർ വഴിമാറാൻ തയ്യാറായില്ല. ഒടുവിൽ കുറച്ചുനേരം കഴിഞ്ഞ് മാത്രമാണ് അഗ്നിരക്ഷാസേനയ്ക്ക് കാറിനെ മറികടന്ന് മുന്നോട്ടുപോകാനായത്.




