വയനാട്: സുൽത്താൻ ബത്തേരിയിൽ വീണ്ടും പുലി. പാട്ടവയൽ റോഡിൽ സെന്റ് ജോസഫ് സ്കൂളിന് സമീപമാണ് പുലിയെ കണ്ടത്. രാത്രി 12 മണിയോടെയാണ് സംഭവം. മതിലിൽ നിന്ന് സമീപത്തെ പറമ്പിലേക്ക് പുലി ചാടുന്നതിൻ്റെ മൊബൈൽ ദൃശ്യം പുറത്തുവന്നിട്ടുണ്ട്. ഇതുവഴി സഞ്ചരിച്ച യാത്രക്കാരാണ് പുലിയുടെ ദൃശ്യം മൊബൈലിൽ പകർത്തിയത്.
പുൽപ്പള്ളി കബനിഗിരിയിലും വീണ്ടും പുലിയുടെ ആക്രമണമുണ്ടായി. പനചുവട്ടിൽ ജോയിയുടെ ആടിനെ പുലി ആക്രമിച്ചു കൊന്നു. ഇന്നലെ രാത്രിയോടെയാണ് സംഭവം. കഴിഞ്ഞ ദിവസവും ജോയിയുടെ രണ്ടു ആടുകളെ പുലി ആക്രമിച്ച് കൊന്നിരുന്നു. ഇതേ കുട്ടിലുണ്ടായിരുന്ന ആടിനെയാണ് പുലി വീണ്ടും കൊന്നത്. പുലിയെ പിടികൂടാൻ ജോയിയുടെ വീട്ടിൽ കൂട് സ്ഥാപിച്ചിരുന്നു.






