തൃശ്ശൂർ: പുലിപ്പല്ല് കേസിൽ റാപ്പർ വേടനെ തെളിവെടുപ്പിനായി തൃശ്ശൂരിലെ ജ്വല്ലറിയിലെത്തിച്ചു. വിയ്യൂർ സരസ ജ്വല്ലറിയിലാണ് തെളിവെടുപ്പിനായി എത്തിച്ചത്. വേടന്റെ കഴുത്തിൽ കിടന്നത് പുലിപ്പല്ലാണെന്ന് പരിശോധനയിൽ വ്യക്തമായതോടെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ വേടനെതിരെ കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഏഴ് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് വേടനെതിരെ വനംവകുപ്പ് ചുമത്തിയിരിക്കുന്നത്. ശ്രീലങ്കയിലേക്ക് പോയി അവിടെനിന്ന് യുകെയിലേക്കോ ഫ്രാൻസിലേക്കോ കുടിയേറിയിട്ടുള്ള രഞ്ജിത്ത് എന്നയാളാണ് വേടന് പുലിപ്പല്ല് കൈമാറിയിട്ടുള്ളതെന്നാണ് വനംവകുപ്പ് കഴിഞ്ഞ ദിവസം പറഞ്ഞത്. ഇതോടെ ഇയാൾക്കായുളള അന്വേഷണം വനംവകുപ്പ് ഊർജിതമാക്കിയിട്ടുണ്ട്.



