വയനാട് കുപ്പാടി മൃഗപരിപാലന കേന്ദ്രത്തിലെ രണ്ട് കടുവകളെ തിരുവനന്തപുരം മൃഗശാലയിലേക്ക് മാറ്റും. അമരക്കുനിയിൽ പിടിയിലായ കടുവയെ ഉൾപ്പെടെയാണ് തിരുവനന്തപുരത്തേക്ക് മാറ്റുന്നത്. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ പുറത്തിറക്കി.
വയനാട് പുൽപ്പള്ളി പ്രദേശങ്ങളെ വിറപ്പിച്ച 8 വയസ് പ്രായമായ പെൺകടുവയാണിത്. ജനവാസമേഖലയിൽ നിലയുറപ്പിച്ച കടുവ 5 ആടുകളെ കൊന്നിരുന്നു. കർണാടക വനമേഖലയിൽ നിന്നാണ് ഈ കടുവ എത്തിയതെന്നാണ് വനം വകുപ്പിന്റെ നിഗമനം. കടുവ കൂട്ടിലായതിന് ശേഷം കുപ്പാടിയിലെ വനം വകുപ്പിന് കീഴിലുള്ള മൃഗ പരിചരണ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. കാലിന് പരുക്കേറ്റ കടുവയ്ക്ക് ചീഫ് വെറ്റിനറി ഫോറസ്റ്റ് ഓഫീസർ അരുൺ സക്കറിയയുടെ നേത്യത്വത്തിൽ ചികിത്സ നൽകിയിരുന്നു.




