കാസർകോട്: കാസർകോട് ചാലിങ്കാലിൽ ദേശീയപാത വികസനത്തിനായി എടുത്ത കുഴികളിൽ കക്കൂസ് മാലിന്യം തള്ളുന്നത് പ്രദേശവാസികളിൽ ഗുരുതര ആരോഗ്യ ആശങ്ക ഉയർത്തുന്നു. രാവണീശ്വരം ജങ്ഷന് സമീപം ദേശീയപാതയുടെ പടിഞ്ഞാറ് ഭാഗത്തുള്ള കുഴികളിലാണ് രാത്രികാലങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നത്. വാഹനങ്ങളിൽ കൊണ്ടുവന്ന കക്കൂസ് മാലിന്യം കുഴികളിലേക്ക് ഒഴുക്കുന്നതോടെ പ്രദേശമാകെ അസഹ്യ ദുർഗന്ധം പരക്കുകയാണ്.
ദേശീയപാത നിർമാണത്തിനായി മണ്ണ് എടുത്ത ഭാഗങ്ങളിലെ കുഴികളിലാണ് തുടർച്ചയായി മാലിന്യം തള്ളുന്നതെന്ന് നാട്ടുകാർ പറയുന്നു. നിർമാണത്തിനായി മേഘ കമ്പനി ഒരുക്കിയ വഴിയിലൂടെയാണ് മാലിന്യവുമായി വാഹനങ്ങൾ എത്തുന്നതെന്നും ആരോപണമുണ്ട്.
മഴ പെയ്യുന്നതോടെ കുഴികളിലെ മലിനജലം സമീപത്തെ വയലുകളിലേക്കും പറമ്പുകളിലേക്കും ഒഴുകിയെത്തുമെന്ന ആശങ്കയും ശക്തമാണ്. കിണറുകളിലേക്കും മറ്റ് ജലസ്രോതസുകളിലേക്കും മാലിന്യം കലരാൻ സാധ്യതയുണ്ടെന്നും ഇത് പൊതുജനാരോഗ്യത്തിന് വലിയ ഭീഷണിയാകുമെന്നും പ്രദേശവാസികൾ മുന്നറിയിപ്പ് നൽകുന്നു. പകർച്ചവ്യാധികൾ പടരാനും സാധ്യതയുണ്ടെന്നാണ് നാട്ടുകാരുടെ ആശങ്ക.
ഇതിന് മുമ്പും മാലിന്യം തള്ളുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നാട്ടുകാർ മേഘ കമ്പനിയുടെ പ്രതിനിധികളോട് പരാതി നൽകിയിരുന്നു. പ്രശ്നത്തിന് പരിഹാരം കാണാമെന്ന് ഉറപ്പ് നൽകിയെങ്കിലും നടപടിയൊന്നും ഉണ്ടായില്ലെന്നാണ് ആരോപണം. ഇനി മാലിന്യവുമായി എത്തുന്ന വാഹനങ്ങൾ കണ്ടെത്തി തടയാനാണ് നാട്ടുകാരുടെ തീരുമാനം.






