ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് ഇരയായ വിനോദസഞ്ചാരികൾ പോരാട്ടം നടത്തണമായിരുന്നുവെന്നും ഭർത്താക്കൻമാരെ നഷ്ടപ്പെട്ട സ്ത്രീകൾ യോദ്ധാക്കളെപ്പോലെ പെരുമാറണമായിരുന്നുവെന്നുമുള്ള ബിജെപി എംപി റാംചന്ദർ ജാംഗ്രയുടെ പരാമർശം വിവാദത്തിൽ. ബിജെപി നേതാവും ഹരിയാനയിൽ നിന്നുള്ള രാജ്യസഭാ അംഗവുമാണ് രാംചന്ദര്‍ ജാംഗ്ര.
“ഭർത്താവിൻ്റെ ജീവനുവേണ്ടി കൈകൂപ്പി യാചിക്കുന്നതിനുപകരം അവർ ഭീകരരുമായി പോരാടണമായിരുന്നു. കൊല്ലപ്പെട്ടവരുടെ ഭാര്യമാർക്ക് റാണി അഹല്യഭായ്‌യുടെ വീരഗുണങ്ങൾ ഇല്ലാതെ പോയി. അവർ പോരാടണമായിരുന്നു. ഭീകരർക്ക് മുന്നിൽ അവർ കൈകൂപ്പി നിന്നു. വീരഗുണങ്ങൾ ഇല്ലാത്തതിനാൽ അവരുടെ ഭർത്താക്കന്മാർ കൊല്ലപ്പെട്ടു” എന്നാണ് ജാംഗ്ര പറഞ്ഞത്.
വിനോദസഞ്ചാരികൾക്ക് അഗ്നിവീർ പരിശീലനം ലഭിച്ചിരുന്നെങ്കിൽ മരണസംഖ്യ കുറയുമായിരുന്നെന്നും നമ്മുടെ ആളുകൾ കൂപ്പുകൈകളോടെയാണു മരിച്ചതെന്നും ഹരിയാനയിൽ നിന്നുള്ള രാജ്യസഭാംഗമായ ജാംഗ്ര പ്രതികരിച്ചിരുന്നു. പ്രസ്‌താവനയ്ക്കെതിരെ രംഗത്തെത്തിയ കോൺഗ്രസ് ജാംഗ്രയെ പുറത്താക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വിഷയത്തിൽ മാപ്പു പറയണമെന്നും ആവശ്യപ്പെട്ടു.






